മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജ്‌

കൃത്യമായ ബാഹ്യരൂപവും ആന്തരികശുദ്ധിയും പൂർണ്ണമായും പാലിക്കപ്പെടുമ്പോൾ മാത്രമാണ് ഏതൊരു ആരാധനാകർമ്മവും ഇസ്‌ലാമിൽ സ്വീകാര്യയോഗ്യവും പ്രതിഫലാർഹവുമായിത്തീരുന്നത്. ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ പോലെയാണവ.അതുകൊണ്ട് തങ്ങൾ ചെയ്യുന്ന ഹജ്ജും ഉംറയും മഖ്‌ബൂലും മബ്‌റൂറുമാകണമെന്ന് ആഗ്രഹിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക : 

ഹജ്ജിൽ അല്ലാഹുവിന്റെ പ്രീതിയല്ലാതെ മറ്റൊന്നും കൂടിക്കലരാൻ പാടില്ല. ഭൗതികനേട്ടം, പ്രകടനമോഹം, പ്രശസ്തിക്കു വേണ്ടിയുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങൾ ഇതിന്നെതിരാണ്. അല്ലാഹു പറയുന്നു : "ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനുംടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.'' [അദ്ധ്യായം 17 ഇസ്രാഅ് 18]. ''തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.''  [അദ്ധ്യായം 4 നിസാഅ് 142] നബി (സ) പറഞ്ഞു : ''കർമ്മങ്ങൾ (അത് നിർവഹിക്കുന്ന ആളുടെ) ഉദ്ദേശ്യങ്ങൾക്കനുസരിച്ചാണ്. ഓരോരുത്തർക്കും അവനവൻ എന്തു കരുതിയോ അത് ലഭിക്കുന്നു.'' [ബുഖാരി]

ഹലാലായ ധനം ഉപയോഗപ്പെടുത്തുക, പാപകർമ്മങ്ങളിൽ നിന്ന് വിരമിക്കുകയും കഴിഞ്ഞുപോയ തെറ്റുകളിൽ പശ്ചാത്തപിക്കുകയും ചെയ്യുക, യാത്രക്കായി നല്ല കൂട്ടുകാരെ സ്വീകരിക്കുക, സഹയാത്രികരോട് നല്ല നിലക്ക് പെരുമാറുക, അസഭ്യഭാഷണം, തർക്ക-വിതർക്കങ്ങൾ, ശണ്ഠ, ദുർവിചാര വികാരങ്ങൾ തുടങ്ങിയവയിൽ നിന്ന് അകന്നുനിൽക്കുക ഇതെല്ലാം ഹജ്ജിന്റെയും ഉംറയുടെയും പൂർണതക്ക്‌ അനിവാര്യമാണ്.മേൽപറഞ്ഞ കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ ഈ തീർഥാടനകർമത്തിന്റെ ആന്തരിക വശത്തിനാണ് പോറലേൽക്കുന്നത്. ഹജ്ജ്,ഉംറ എന്നിവയുടെ ബാഹ്യരൂപങ്ങൾകൃത്യമായി വിശുദ്ധഖുർ ആനിനും സുന്നതിനും യോജിച്ചതായിരിക്കണം. അതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു.

ഹജ്ജിനു വരുന്ന ലക്ഷക്കണക്കിനു തീർത്ഥാടകർ പല തരക്കാരായിരിക്കും. അവരിൽ ഓരോരുത്തരുടേയും കർമ്മങ്ങളെ അനുകരിക്കാൻ നിന്നാൽ അത്‌ അബദ്ധമായിത്തീരും. അതിനാൽ ഹജ്ജ്‌ ചെയ്യുന്നവർ നിർവ്വഹിക്കേണ്ട കർമ്മങ്ങളെക്കുറിച്ച്‌ സ്വയം ബോധമാവാന്മാരായിരിക്കണം. ഹജ്ജ്‌, ഉംറ കർമ്മങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന ധാരാളം പുസ്തകങ്ങളുണ്ട്‌. അവയിൽ പലതിലും പ്രവാചകന്റെ പേരിലുള്ള വ്യാജ വചനങ്ങളും ദുർബല വചനങ്ങളും കാണാം. അതിനാൽ അത്തരം കാര്യങ്ങളിൽ സത്യസന്ധരും സൂക്ഷ്മതാബോധവുമുള്ള പണ്ഡിതന്മാരിൽ നിന്ന് സത്യം മനസ്സിലാക്കി അവയിൽ നിന്ന് മാറി നിൽക്കണം. എങ്കിൽ മാത്രമേ നമ്മൾ ചെയ്യുന്ന ഹജ്ജും ഉംറയും മഖ്‌ബൂലും മബ്‌റൂറുമായിത്തീരുകയുള്ളൂ.

From ഇസ്‌ലാം വാല്യം 2 കർമ്മാനുഷ്ഠാനങ്ങൾ