ചൂഷകർക്ക് നരകം

"സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക." [അദ്ധ്യായം 9 തൗബ 34,35]

 മനുഷ്യജീവിതം ദുസ്സഹമാക്കുന്ന ചൂഷണ വ്യവസ്ഥകളെ നിശിതമായി വിമർശിക്കുന്ന വിശുദ്ധവാക്യങ്ങളാണ് മേൽ സൂക്തങ്ങൾ. ഈ സൂക്തങ്ങളിൽ പ്രഥമമായി താക്കീതു ചെയ്യുന്നത് ദൈവത്തിന്റേയും മതത്തിന്റേയും പേരിൽ നടക്കുന്ന ചൂഷണങ്ങളെയാണ്. മതത്തിന്റെ നീതിസാരങ്ങൾ മനുഷ്യർക്ക് വിവരിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ട പണ്ഡിതന്മാരും പുരോഹിതന്മാരും സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ദൈവവചനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയോ വക്രീകരിക്കുകയോ ദുർവ്യാഖ്യാനം ചെയ്യുകയോ അരുത്. ദൈവാവതാരം, സിദ്ധൻ, പുണ്യാളൻ, മധ്യവർത്തി എന്നിങ്ങനെ ദൈവത്തിന്റെ സ്വന്തക്കാരനായി വേഷമണിയുന്ന സകല വ്യാജന്മാരും ദൈവത്തോടു തന്നെ കടുത്ത വഞ്ചനയും ധിക്കാരവുമാണ് കാണിക്കുന്നത്. 

സ്വത്തും പണവും കുന്നുകൂട്ടി വെച്ച് അതിന്റെ വളർച്ച സ്തംഭിപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തെയാണ് മേൽവചനത്തിന്റെ രണ്ടാംഭാഗത്ത് കടന്നാക്രമിക്കുന്നത്. സ്വത്തും ധനവും സമൂഹത്തിന്റെ വളർച്ചക്ക് ഉപയുക്തമാകും വിധം ഒഴുക്കിക്കൊണ്ടിരിക്കണമെന്ന ധനതത്വമാണ് ഖുർആൻ അവതരിപ്പിക്കുന്നത്. ക്ഷേമമാർഗങ്ങളിലുള്ള ധനവിനിയോഗം ദൈവമാർഗത്തിലുള്ള ചെലവിടലാണെന്ന ആശയം പ്രസക്തമാണ്. സ്വർണം, വെള്ളി, ഭൂസ്വത്ത്, ബാങ്ക്‌നിക്ഷേപം എന്നിങ്ങനെ ഏതുവിധേനയായാലും ശരി, ഉത്പാദനക്ഷമമല്ലെങ്കിൽ അത്തരം നിക്ഷേപങ്ങൾ അനീതിയും അക്രമവുമാണ്. പ്രകൃതിവിഭവങ്ങളേയും മനുഷ്യന്റെ അദ്ധ്വാനത്തേയും മുതലിറക്കി സ്വരൂപിക്കുന്ന എല്ലാ ധനവും സമൂഹത്തിലെ താഴെത്തട്ടു വരെ നീതിപൂർവം വിതരണം ചെയ്യപ്പെടുന്നില്ലെങ്കിൽ അത് സാമ്പത്തിക അസമത്വം സൃഷ്ടിക്കും. ന്യായമായി ചെലവഴിക്കാതെ സ്വത്ത് കേന്ദ്രീകരിക്കുന്നവർക്ക് കഠോരശിക്ഷ ലഭിക്കും.

By മുജീബുറഹ്മാൻ കിനാലൂർ @ മാതൃഭൂമി ദിനപത്രം