മുഹമ്മദ് നബിയുടെ കാരുണ്യസന്ദേശം

വിശുദ്ധ മക്കയിൽ അനാഥനായി വളർന്നുവന്ന മുഹമ്മദ്(സ) സൽസ്വഭാവിയും എല്ലാവർക്കും ഇഷ്ടപ്പെട്ടവനുമായിരുന്നു. ഇബ്രാഹിംനബിയുടെ മകനായ ഇസ്മായിൽ നബിയുടെ കുടുംബത്തിൽ ജനിച്ച മുഹമ്മദ്(സ) ആ പ്രവാചകന്മാരുടെ ആദർശമനുസരിച്ചാണ് ജീവിച്ചുപോന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ് (സ) ഒരിക്കലും വിഗ്രഹാരാധന നടത്തിയിരുന്നില്ല. നാട്ടിൽ നിറഞ്ഞുനിന്ന മദ്യപാനം, ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ എല്ലാ തിന്മകളിൽനിന്നും അകൽച്ച പാലിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ധ്യാനം ഇഷ്ടപ്പെട്ട മുഹമ്മദ് (സ) ദിവസങ്ങളോളം നൂർ മലയിലെ ഹിറാ ഗുഹയിൽ ആരാധനാനിരതനായി കഴിയുക പതിവായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് നാല്പത് വയസ്സായപ്പോൾ ജിബ്‌രിൽ എന്ന മാലാഖ അവിടെ പ്രത്യക്ഷപ്പെടുകയും ഖുർആനിലെ ആദ്യമായി അവതരിച്ച അഞ്ച് വചനങ്ങൾ ഓതിക്കേൾപ്പിക്കുകയും ചെയ്തു. ഇഖ്‌റഅ് (നീ വായിക്കുക) എന്ന് തുടങ്ങുന്ന ആ വചനങ്ങൾ ഖുർആനിന്റെ രത്നച്ചുരുക്കമാണെന്നു പറയാം. വായന, എഴുത്ത്, പഠനം, ഗവേഷണം, സൃഷ്ടിപ്പിലെ അദ്‌ഭുതങ്ങൾ, വിജ്ഞാനത്തിന്റെ അനന്തത തുടങ്ങിയവയായിരുന്നു ആ വചനങ്ങളുടെ ഉള്ളടക്കം. അന്നുമുതൽ മുഹമ്മദ് (സ) ഒരു നബിയായി മാറി. പിന്നീടങ്ങോട്ട് അടുത്ത കുടുംബക്കാരെയും നാട്ടുകാരെയും തന്റെ ദൗത്യമറിയിച്ചുകൊണ്ട് നബി (സ) പുതിയൊരു സംസ്കാരത്തിന് അടിത്തറ പാകി. ക്രിസ്തുവർഷം 610 ഓഗസ്റ്റ് പത്തിനായിരുന്നു ഈ മഹാ വെളിപാടിന്റെ തുടക്കമെന്നാണ് ചരിത്രകാരന്മാർ കണക്കാക്കിയിട്ടുള്ളത്. തുടർന്നുള്ള വെറും 23 വർഷങ്ങളാണ് നബി(സ)യുടെ പ്രവർത്തനകാലം.

 കാലുഷ്യം നിറഞ്ഞ ലോകത്തേക്ക് സമാധാനത്തിന്റെ ദീപശിഖയുമായാണ് മുഹമ്മദ് നബി (സ) കടന്നുവന്നത്. ഗോത്ര മഹിമയുടെ പേരിൽ പരസ്പരം പോരടിച്ചുകഴിഞ്ഞ മക്കയിലെ ജനങ്ങളോട് ‘‘ആദമിന്റെ മക്കളേ!’’ എന്ന് വിളിച്ചുകൊണ്ടാണ് നബി (സ) തന്റെ ദൗത്യം നിർവഹിച്ചത്. ആദ്യപിതാവായ ആദമിന്റെ സന്തതികളാണ് മനുഷ്യരെല്ലാമെന്ന സാർവലൗകിക സാഹോദര്യത്തിന്റെ പ്രഖ്യാപനമായിരുന്നു ആ അഭിസംബോധന. വർഗ, വർണ വ്യത്യാസങ്ങളാൽ ഉച്ചനീചത്വങ്ങൾ നിലനിന്ന അറേബ്യൻ സമൂഹത്തോട് മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് തെളിവു സഹിതം വിളിച്ചു പറയുകയായിരുന്നു അദ്ദേഹം. നബി(സ)യുടെ സഖാക്കളിൽ പ്രമുഖരായിരുന്ന ഖുറൈശി വംശജനായ അബൂബക്കറും റോമക്കാരനായ സുഹൈബും പേർഷ്യക്കാരനായ സൽമാനും ആഫ്രിക്കൻ അടിമയായിരുന്ന ബിലാലും ഒരു വ്യത്യാസവുമില്ലാതെ ഒരുമിച്ചാണ് ജീവിച്ചത്.

 മനുഷ്യർക്കിടയിൽ നിലനില്ക്കുന്ന വംശവ്യത്യാസങ്ങളും കുടുംബവൈവിധ്യവും മനുഷ്യരെ തിരിച്ചറിയാനുള്ള അടയാളം മാത്രമാണെന്ന ഖുർആൻ വചനം അദ്ദേഹം പ്രഘോഷണം ചെയ്തു. നബി(സ)യുടെ അന്ത്യപ്രഭാഷണത്തിൽ സകലമനുഷ്യാവകാശ നിയമങ്ങളും സവിസ്തരം പരാമർശിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘‘ഒരു അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ഓരോരുത്തരിലുമുള്ള സൂക്ഷ്മതാബോധമാണ് ശ്രേഷ്ഠതയുടെ മാനദണ്ഡം’’. പ്രമുഖ ചരിത്രകാരൻ മൈക്കിൾ എച്ച്‌. ഹാർട്ട് രചിച്ച ലോകചരിത്രത്തിൽ പ്രമുഖസ്ഥാനം നേടിയ നൂറ് മഹാന്മാരുടെ ഹ്രസ്വചരിത്രഗ്രന്ഥമാണ് ദി ഹൺട്രഡ്. അതിൽ ഒന്നാം സ്ഥാനം നല്കിയിട്ടുള്ളത് മുഹമ്മദ് നബി(സ)ക്കാണ്. അതിനദ്ദേഹം നല്കുന്ന ന്യായീകരണം തന്റെ ആദർശങ്ങളും സന്ദേശങ്ങളും ഹ്രസ്വകാലംകൊണ്ട് ലോകത്തിന് പരിചയപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും നബി (സ) വിജയം വരിച്ചുവെന്നതാണ്. നബിയുടെ ജീവിതവും സന്ദേശവും പഠിപ്പിച്ച ശ്രീ നാരായണഗുരു പറഞ്ഞത്: ‘‘കരുണാവാൻ നബി മുത്തു രത്നമോ’’ എന്നാണ്. ജനപ്രിയനായ ആ മനുഷ്യസ്നേഹിയെ മക്കയിലെ ജനങ്ങൾ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു അൽ അമീൻ (വിശ്വസ്തൻ) എന്നത്. 

അവർക്കിടയിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കാൻ കക്ഷിഭേദമെന്യേ അവർ തിരഞ്ഞെടുക്കാറുള്ള മധ്യസ്ഥനും മുഹമ്മദ് നബി(സ)യായിരുന്നു. അബ്രഹാം (ഇബ്രാഹിം) പ്രവാചകന്റെ അനുയായികളാണ് തങ്ങളെന്ന് മക്കയിലെ ജനങ്ങൾ സ്വയം വാദിക്കുമായിരുന്നു. കാലക്രമേണ ഏകദൈവാരാധനയുടെ പാതവിട്ട് വിഗ്രഹാരാധന ശീലമാക്കിയ അവരെ കൃത്യമായ ഏക ദൈവാരാധനയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു നബി (സ). മുൻ പ്രവാചകന്മാരായി ഖുർആൻ പരിചയപ്പെടുത്തിയ ഈസ (യേശു), മൂസ (മോസസ്) തുടങ്ങിയ എല്ലാ പ്രവാചകന്മാരെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് നബി (സ) പഠിപ്പിച്ചത്. ദൈവത്തിന്റെയും ദേവാലയങ്ങളുടെയും പ്രവാചകന്മാരുടെയും പേരിൽ കലഹിക്കുന്ന സമൂഹങ്ങൾക്ക് നബി(സ)യുടെ ജീവിതത്തിൽ നിന്ന്‌ ഒരുപാട് പഠിക്കാനുണ്ട്. ബഹുസ്വര സമൂഹത്തിൽ ഇടപഴകി ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നു നബി (സ). മതത്തിന്റെയോ സമുദായത്തിന്റെയോ പേരിൽ ഒരു ധ്രുവീകരണം ഉണ്ടാക്കാൻ അദ്ദേഹം അനുവദിച്ചില്ല.

 വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മാനുഷികബന്ധങ്ങൾ കാത്തുസൂക്ഷിച്ചുപോന്നു. നബി(സ)യുടെ മുസ്‌ലിമല്ലാത്ത പിതൃവ്യൻ അബൂത്വാലിബിന്റെ സഹായം സ്വീകരിച്ചാണ് നബി (സ) ദീർഘകാലം ജീവിച്ചത്. ശത്രുക്കൾ മക്കയിൽ നബി(സ)യെ ഊരുവിലക്കിയപ്പോൾ നബി(സ)യുടെ കൂടെ കഴിയുകയും നബി(സ)ക്കുവേണ്ടി എല്ലാ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കുകയും ചെയ്ത നിരവധി അമുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. മക്കയിൽ നിന്ന്‌ മദീനയിലേക്കുള്ള ചരിത്രപ്രസിദ്ധമായ ഹിജ്‌റയിൽ നബി(സ)യുടെ വഴികാട്ടിയായിരുന്നത് ഒരു അമുസ്‌ലിം ചെറുപ്പക്കാരനായിരുന്നു. മദീനയിലെത്തിയ നബി (സ) ഉടൻ തന്നെ അവിടെയുള്ള യഹൂദ, ക്രൈസ്തവ വിഭാഗങ്ങളുമായി കൂടിയാലോചനകൾ നടത്തി സമാധാനത്തിന്റെ വഴികൾ രൂപപ്പെടുത്തുകയുണ്ടായി. സുപ്രസിദ്ധമായ തന്റെ മദീനാ പ്രഖ്യാപനത്തിൽ ഓരോ മത വിഭാഗത്തിനും അവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. 

 ഖുർആൻ വ്യക്തമാക്കിയ ‘‘നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’’ എന്ന വിശാലമായ മതസ്വാതന്ത്ര്യം നബി (സ) ജീവിതത്തിലൂടെ നടപ്പാക്കി. നജ്റാനിൽ നിന്ന് തന്നെ കാണാൻ വന്ന ക്രൈസ്തവ നേതാക്കളെ മദീനാ പള്ളിയിൽ സ്വീകരിച്ചിരുത്തിയാണ് നബി (സ) അവരുമായി സംഭാഷണം നടത്തിയിരുന്നത്. അതിനിടയിൽ ആ ക്രൈസ്തവ സഹോദരങ്ങൾക്ക് പ്രാർഥനയുടെ സമയമായപ്പോൾ ആ പള്ളിയിൽ വെച്ചുതന്നെ അവർക്ക് പ്രാർഥനയ്ക്ക് സൗകര്യം ചെയ്തുകൊടുത്തു നബി. നബി(സ)യുടെ അന്ത്യകാലത്ത് അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ പക്കൽ പണയം വെച്ചിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്.

 ജീവിതവ്യാപാരങ്ങളിലും ഇടപെടലുകളിലും യാതൊരുവിധ വിഭാഗീയതയും വർഗീയതയും കാണിക്കാതെയായിരുന്നു നബി(സ)യുടെ ജീവിതം. നബി(സ)യെക്കുറിച്ച് ഖുർആൻ പറയുന്നത് ലോകത്തിന്റെ കാരുണ്യം (റഹ്‌മത്തുൻലിൽ ആലമീൻ) എന്നാണ് .മനുഷ്യരോട് മാത്രമല്ല പക്ഷികളോടും മൃഗങ്ങളോടും പോലും കരുണയോടെ പെരുമാറണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ദാഹിച്ചു വലഞ്ഞ ഒരു പട്ടിക്ക് വെള്ളം നല്കിയയാൾ സ്വർഗാവകാശിയായെന്നും ഒരു പൂച്ചയെ കെട്ടിയിട്ട് ഭക്ഷണവും വെള്ളവും കൊടുക്കാതെ കഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഒരു സ്ത്രീ നരകാവകാശിയായെന്നും നബി (സ) പറഞ്ഞത് വളരെ പ്രസിദ്ധമാണ്. യുദ്ധവും സംഘട്ടനങ്ങളും ഇല്ലാതാക്കാൻ വിട്ടുവീഴ്ചയുടെ മാർഗം സ്വീകരിച്ച നബി ഒരിക്കലും യുദ്ധം വിളിച്ചുവരുത്തിയിട്ടില്ല. നിർബന്ധിത സാഹചര്യത്തിൽ വന്നുപെട്ടതായിരുന്നു അന്നത്തെ യുദ്ധങ്ങൾ. യുദ്ധത്തിൽ കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും ഉപദ്രവിക്കരുതെന്നും മരങ്ങളും ജലസ്രോതസ്സുകളും നശിപ്പിക്കരുതെന്നും നബി (സ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്. എന്നും പ്രവാചകനോട് ശത്രുത പുലർത്തിപ്പോന്ന ഒരു ജൂതന്റെ മൃതശരീരം കൊണ്ടുപോകുമ്പോൾ എഴുന്നേറ്റുനിന്ന നബി (സ) പറഞ്ഞത് അതൊരു മനുഷ്യനാണല്ലോ എന്നായിരുന്നു. മാനുഷിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് മതവ്യത്യാസം തടസ്സമായിക്കൂടെന്നു പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അർഥത്തിലും കാരുണ്യവും സമാധാനവും സമ്മാനിച്ച നബിയുടെ ജീവിതവും സന്ദേശവും ജീവിതത്തിൽ പകർത്താൻ നാം സദാ ശ്രദ്ധിക്കേണ്ടതാണ്.

By ഡോ. ഹുസൈൻ മടവൂർ @ മാതൃഭൂമി ദിനപത്രം