സ്നേഹം ലഭിക്കണമെങ്കിൽ

"വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച." [അദ്ധ്യായം 19 മറിയം 96]

മഹത്തായ ആശയങ്ങൾ മേൽ ആയത്ത്‌ ഉൾക്കൊള്ളുന്നു.

1. വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്തുകൊണ്ട്‌ മുസ്‌ലിംകൾ ജീവിക്കുകയാണെങ്കിൽ ശത്രുക്കളിൽ പോലും സ്നേഹവും ബഹുമാനവും മുസ്‌ലിംകളോട്‌ അല്ലാഹു ഉണ്ടാക്കുന്നതാണ്.

2. ഇന്ന് സർവ്വ സമുദായങ്ങളും മുസ്‌ലിംകളെ വെറുക്കുവാൻ കാരണം അവർ മറ്റുള്ളവർക്ക്‌ മാതൃകയല്ല എന്നതാണ്.

3. ഏറ്റവും വലിയതും ഫലപ്രദവുമായ മതപ്രബോധനം മാതൃകാജീവിതം മുസ്‌ലിംകൾ നയിക്കലാണ്. അല്ലാതെ പ്രസംഗിച്ചു നടക്കലോ ഭാണ്ഡവും പേറി നാടുചുറ്റലോ അല്ല.

4. അതാ, ഒരു കാലം നമുക്ക്‌ കടന്നുപോയി. ലോകം നമ്മെ സ്നേഹിച്ചു, മാനിച്ചു. അത്‌ നമ്മുടെ ഉപദ്രവമോ അക്രമമോ ഭയന്നിട്ടല്ല. നീതിയും മര്യാദയും കാംക്ഷിച്ചു കൊണ്ടുമാത്രം ജനങ്ങൾ നമ്മിലേക്ക്‌ ഓടിവന്നു. നമ്മെ വിളിച്ചുവരുത്തി. പട്ടണങ്ങൾ അവയുടെ കവാടം നമുക്ക്‌ തുറന്നുതന്നു. കോട്ടകളുടെ താക്കോലുകൾ നമുക്ക്‌ ഏൽപ്പിക്കപ്പെട്ടു. കാരണം? അന്ന് നമ്മുടെ വിശ്വാസ കർമ്മങ്ങൾ പരിശുദ്ധങ്ങളായിരുന്നു.

ഇന്നിപ്പോൾ ഇത്തരത്തിൽ മാതൃകാജീവിതം നയിക്കുന്നതിനെ ദഅ്-വത്തായി പരിഗണിക്കുവാൻ പോലും പാടില്ലെന്ന് പറയുന്ന മനുഷ്യന്മാരെ കാണാവുന്നതാണ്!!!

By അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം