നിഷ്ഫലമായ ദാനധർമ്മങ്ങൾ

"സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തു പറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്‌ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങള്‍ ആകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‌പം മണ്ണ്‌ മാത്രമുള്ള ഒരു മിനുസമുള്ള പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.'' (2:264)

ദാനം ലഭിച്ചവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ശല്യപ്പെടുത്തുക, ഇന്നവര്‍ക്ക്‌ ഇത്രയൊക്കെ ദാനം നല്‌കിയെന്ന്‌ ആരോടെങ്കിലും പറയുക ഇതൊക്കെ ദാനത്തിന്റെ പ്രതിഫലം നഷ്‌ടപ്പെടാന്‍ മാത്രമല്ല, അല്ലാഹുവിന്റെ ശിക്ഷ ലഭിക്കാനും കാരണമായേക്കും. അല്ലാഹുവിന്റെ പ്രതിഫലം മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ട സല്‍കര്‍മം ജനങ്ങളെ കാണിച്ച്‌ മാന്യതയും പ്രശംസയും നേടാന്‍ വേണ്ടി ചെയ്യുക എന്നത്‌ നബി(സ) *ചെറിയ ശിര്‍ക്ക്‌* എന്ന്‌ വിശേഷിപ്പിച്ച കുറ്റമാണ്‌. അല്ലാഹുവിന്റെ പ്രീതി തേടുന്നതിന്‌ പകരം മനുഷ്യരുടെ പ്രീതി തേടുന്നത്‌ ഒരര്‍ഥത്തില്‍ അവരെ അല്ലാഹുവിന്‌ തുല്യമാക്കുന്ന നടപടി ആയതിനാലാണ്‌ നബി(സ) അതിനെ ശിര്‍ക്കിന്റെ (ബഹുദൈവത്വത്തിന്റെ) വകുപ്പിലേക്ക്‌ ചേര്‍ത്തത്‌. ജനങ്ങളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മം ചെയ്യുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ 4:38, 4:142, 107:6 എന്നീ സൂക്തങ്ങളിലും ആക്ഷേപിച്ചിട്ടുണ്ട്‌.

ദാനം നല്‌കുന്നവര്‍ അത്‌ നല്‌കപ്പെടുന്നവരില്‍ നിന്ന്‌ പ്രതിഫലമോ സഹായമോ കൃതജ്ഞതയോ കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. "പരിശുദ്ധി നേടാന്‍ തന്റെ ധനം നല്‌കുന്ന ഏറ്റവും സൂക്ഷ്‌മതയുള്ള വ്യക്തി അതില്‍ നിന്ന്‌ (നരകത്തില്‍ നിന്ന്‌) അകറ്റി നിര്‍ത്തപ്പെടും. പ്രത്യുപകാരം നല്‌കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ. വഴിയെ അവന്‍ സംതൃപ്‌തനാകും'' (വി.ഖു 92:17-21). അഗതികള്‍ക്ക്‌ ആഹാരം നല്‌കുന്നവരുടെ നിലപാടെന്തായിരിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: "ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്‌ക്കും തടവുകാരനും അവരത്‌ നല്‌കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്ക്‌ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ആഹാരം നല്‌കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്ന്‌ യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." (വി.ഖു 76:8,9)

നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ സമൂഹത്തിലെ ധര്‍മിഷ്‌ഠരില്‍ പലരും ജനസമ്മതിക്കാണ്‌ അല്ലാഹുവിന്റെ പ്രീതിയെക്കാള്‍ മുന്‍ഗണന നല്‌കുന്നത്‌. ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ ചിലര്‍ പോലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ജനങ്ങളുടെ അംഗീകാരത്തിന്‌ മുന്തിയ പരിഗണന നല്‌കുന്നതായി തോന്നുന്നു. പ്രശസ്‌തി കാംക്ഷിക്കുന്നവരെ അല്ലാഹു പരലോകത്ത്‌ അപമാനിതരാക്കുമെന്ന്‌ സൂചിപ്പിക്കുന്ന ഹദീസ്‌ ദീനീരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെല്ലാം ഗൗരവപൂര്‍വം വിലയിരുത്തേണ്ടതാണ്‌. മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചിലര്‍ രാഷ്‌ട്രീയത്തിലിറങ്ങിയപ്പോള്‍ തങ്ങള്‍, മുമ്പ്‌ ദാനധര്‍മങ്ങളും സേവനങ്ങളും ചെയ്‌തത്‌ എടുത്തുപറഞ്ഞ്‌ വോട്ട്‌ ചോദിക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്‌. ഈ നിലപാട്‌ വ്യക്തികളുടെ ഭാഗത്തു നിന്നുണ്ടായാലും സംഘങ്ങളില്‍ നിന്നുണ്ടായാലും അത്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ വിരുദ്ധമത്രെ.

© ശബാബ്‌ വാരിക