പരിധി വിടരുത്‌

"താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല." [അദ്ധ്യായം 7 അഅ്റാഫ്‌ 55]

ആരധനകളുടെ കാമ്പും കാതലുമാണ് പ്രാർത്ഥന. പ്രാർത്ഥന അല്ലാഹുവോടായിരിക്കണം. അത്‌ ഭക്തിയോടും താഴ്മയോടും കൂടിയായിരിക്കണം. അഥവാ ഹൃദയം സ്പർശ്ശിക്കാതെയുള്ള ഉരുവിടലായിരിക്കരുത്‌. അതുപോലെ രഹസ്യവും സ്വകാര്യവുമായിക്കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത്‌. അല്ലാതെ ഉച്ചത്തിലും പരസ്യമായും അല്ല ചെയ്യേണ്ടത്‌ എന്നൊക്കെ അല്ലാഹു മേൽ ആയത്തിലൂടെ അറിയിക്കുന്നു. നബി (സ) പറഞ്ഞു : "ജനങ്ങളേ, നിങ്ങൾ നിങ്ങളോട്‌ മയം കാണിക്കുവിൻ. നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുന്നത്‌ ബധിരനായ ഒരാളെയോ മറഞ്ഞു പോയ ഒരാളേയോ അല്ല. നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവൻ കേൾക്കുന്നവനും സമീപമുള്ളവനും തന്നെയാണ്." [ബുഖാരി, മുസ്‌ലിം]

"അതിരുവിടുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല" എന്നു അവസാനം പറഞ്ഞത്‌ ഒരു പൊതുതത്വമാണ്. അതിരുവിടൽ പ്രാർത്ഥനയിലും ഉണ്ടാകാറുള്ളതു കൊണ്ട്‌ അതിവിടെ അല്ലാഹു ഉണർത്തിയതാണ് . ഉദാഹരണമായി 1) പ്രാർത്ഥന വളരെ ഉച്ചത്തിൽ കൊണ്ടായിരിക്കുക. 2) ഭക്തി വിനയങ്ങൾക്ക്‌ യോജിക്കാത്ത മര്യാദകെട്ട വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുക. 3) ഇന്ന കാര്യം ഇന്നിന്നപോലെ ആക്കിത്തരണമെന്ന് കണിശമായ രൂപത്തിൽ ചെയ്യുക. 4) നന്നല്ലാത്തതും അല്ലാഹുവിങ്കൽ തൃപ്തികരമല്ലാത്തതുമായ കാര്യങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുക. 5) പ്രാർത്ഥിക്കുന്നത്‌ അല്ലാഹു അല്ലാത്തവരോടോ അവരെ മുൻ നിർത്തിക്കൊണ്ടോ ആവുക. 6) ഉദ്ദേശിച്ച ഉത്തരം കിട്ടിയില്ലെങ്കിൽ നിരാശയും അതൃപ്തിയും പ്രകടിപ്പിക്കുക തുടങ്ങിയ രീതിയിലുള്ളതെല്ലാം അതിരുവിട്ട പ്രാർത്ഥനകളിൽ ഉൾപ്പെടുന്നു.

✍അമാനി മൗലവി
voiceofislah.com