നമസ്കാരത്തിന്റെ ശ്രേഷ്ടത

"തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും, നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും. നമസ്കരിക്കുന്നവരൊഴികെ. അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍." [അദ്ധ്യായം 70 മആരിജ്‌ 19 - 23]

മനുഷ്യന്റെ ഒരു സ്വഭാവം വിവരിക്കുകയാണ് അല്ലാഹു. രോഗം, ദാരിദ്ര്യം, പരാജയം പോലേയുള്ളവ മനുഷ്യനെ ബാധിച്ചാൽ അവൻ അസ്വസ്ഥനാവുന്നു. അല്ലാഹുവിനെക്കുറിച്ച്‌ തെറ്റായ ചിന്തകൾ വച്ചു പുലർത്തുന്നു. എന്നാൽ ആരോഗ്യവും സമ്പത്തും വിജയവും ലഭിച്ചാലോ അവൻ സ്വന്തം കഴിവിൽ അഹങ്കരിക്കുകയും ദരിദ്രന്മാർക്കും മറ്റുള്ളവർക്കും തന്റെ ധനത്തിലുള്ള അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു.

എന്നാൽ മേൽ സ്വഭാവങ്ങളെ അല്ലാഹു മനുഷ്യരിൽ അനിവാര്യമായ നിലക്ക്‌ ഉണ്ടാക്കിയതല്ല. അവ നിയന്ത്രിക്കാനുള്ള കഴിവ്‌ അല്ലാഹു അവനു നൽകിയിട്ടുണ്ട്‌. അതുകൊണ്ടാണ് നമസ്കരിക്കുന്നവരിൽ മേൽ ദുസ്വഭാവങ്ങൾ ഉണ്ടാവുകയില്ലെന്ന് അല്ലാഹു പറയുന്നത്‌. നമസ്കാരത്തിന്റെ ശ്രേഷ്ടത മേൽ സൂകതങ്ങൾ വ്യക്തമാക്കുന്നു. തന്റെ ജീവിതവും മരണവും അല്ലാഹുവിനുള്ളതാണെന്ന് പ്രഖ്യാപിച്ച്‌ അഞ്ചു നേരവും നമസ്കരിക്കുന്ന സ്ത്രീപുരുഷന്മാർക്ക്‌ എന്തു തിന്മ ബാധിച്ചാലും അവനെ അസ്വസ്ഥനാക്കുകയില്ല. അതുപോലെ അത്തരം മനുഷ്യനു മറ്റുള്ള രംഗങ്ങളിലും അല്ലാഹുവിന്റെ നിയമത്തെ പാലിക്കുവാൻ പ്രയാസമുണ്ടാവുകയുമില്ല.

എന്നാൽ എല്ലാ ദുസ്വഭാവങ്ങളും ഇന്ന് നാം നമസ്കരിക്കുന്ന മനുഷ്യരിലും കാണുന്നു.കണിശമായി നമസ്കരിച്ചിരുന്ന ഒരാൾ സാമ്പത്തിക പ്രയാസം നേരിട്ടപ്പോൾ ആത്മഹത്യ ചെയ്തത്‌ കേൾക്കാനും പലിശ വാങ്ങുന്നവരും സകാത്ത്‌ നൽകാത്തവരുമായ പല വ്യക്തികളും മുൻ നിരയിൽ നമസ്കാരം നിർവഹിക്കുന്നത്‌ കാണാനും ഇടയായി.  അതിനു കാരണം ശരിയായ നിലക്ക്‌ അവൻ നമസ്കാരം നിർവ്വഹിക്കാത്തതു കൊണ്ടാണ്. തിന്മ ചെയ്യാനുള്ള ഒരു മറയായിട്ടാണ് അത്തരക്കാർ നമസ്കാരത്തെ കാണുന്നത്‌.

By അബ്ദുസ്സലാം സുല്ലമി @ ഖുർആനിന്റെ വെളിച്ചം