അറഫയില്‍ മുഴങ്ങുന്ന വിമോചന വിളംബരം

ഹിജ്‌റ, പത്താം വര്‍ഷം നബി(സ) തന്റെ ഹജ്ജ്‌ നിര്‍വഹിച്ചു. അതിനുമുമ്പ്‌ അവിടുന്ന്‌ ഹജ്ജ്‌ നിര്‍വഹിച്ചിട്ടില്ല. തലേവര്‍ഷം അബൂബക്‌റിന്റെ(റ) നേതൃത്വത്തിലായിരുന്നു ജനങ്ങള്‍ ഹജ്ജിന്‌ പുറപ്പെട്ടത്‌. ഹജ്ജ്‌ നിര്‍വഹിച്ച്‌ മദീനയില്‍ തിരിച്ചെത്തിയ ശേഷം ഏകദേശം മൂന്ന്‌ മാസത്തോളം മാത്രമാണ്‌ റസൂല്‍ ജീവിച്ചത്‌. റബീഉല്‍ അവ്വല്‍ പകുതിയാകുന്നതിനു മുമ്പ്‌ തന്നെ അവിടുന്ന്‌ ഇഹലോകവാസം വെടിയുകയുണ്ടായി. ഇസ്‌ലാമിന്റെ ആരാധാനാകര്‍മങ്ങളില്‍ അഞ്ചാമത്തേതായി വരുന്ന ഹജ്ജ്‌ അതിന്റെ പൂര്‍ണരൂപത്തില്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാണിച്ചുകൊടുത്ത ശേഷമാണ്‌ വിടവാങ്ങുന്നത്‌.
ഇതിനു മുമ്പ്‌ ഇസ്‌ലാമിന്റെ മറ്റു കാര്യങ്ങളെല്ലാം -വിശ്വാസാരാധനാ അനുഷ്‌ഠാന കാര്യങ്ങളെല്ലാം -റസൂല്‍ വിശദമായി ജനങ്ങളെ പഠിപ്പിച്ചുകഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഹജ്ജ്‌ കൂടി പൂര്‍ണമായി പഠിപ്പിച്ചു കഴിഞ്ഞതോടെ പ്രവാചകന്റെ ദൗത്യം ഏതാണ്ട്‌ പൂര്‍ത്തിയായതു പോലെയായി. അതിനാല്‍, ഈ ഹജ്ജിന്നിടയില്‍ അവിടുന്ന്‌ അറഫയില്‍ നില്‍ക്കുമ്പോഴാണ്‌ മതം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ വാക്യം അവതരിക്കുന്നത്‌. ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ടുതന്നിരിക്കുന്നു.'' (വി.ഖു 5:3)
തിരുദൂതരുടെ ഈ ഹജ്ജ്‌ പിന്നീട്‌ ജനങ്ങളാട്‌ യാത്ര പറഞ്ഞുകൊണ്ടുള്ള അവസാനത്തെ ഹജ്ജ്‌ എന്ന നിലക്ക്‌ ഹജ്ജതുല്‍ വിദാഅ്‌ എന്നും ഹജ്ജ്‌ അടക്കം ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ചുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുത്തു എന്ന നിലക്ക്‌ ഹജ്ജതുല്‍ ബലാഗ്‌ എന്നും അറിയപ്പെടുന്നു.

ഹജ്ജിലെ ഓരോ കര്‍മങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്‌. അവയെല്ലാം ശരിയായും പൂര്‍ണമായും നിര്‍വഹിക്കുമ്പോഴാണ്‌ ഹജ്ജ്‌ പൂര്‍ണമാകുന്നത്‌. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അറിയിക്കുന്നു: ``നിങ്ങള്‍ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക'' (2:176). എന്നാല്‍, ഹജ്ജില്‍ മറ്റെല്ലാ കര്‍മങ്ങളെക്കാളും പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നത്‌ അറഫക്കാണ്‌. ഹജ്ജ്‌ എന്നത്‌ അറഫയാണെന്നും ആര്‍ക്കെങ്കിലും അറഫ ലഭിച്ചാല്‍ ഹജ്ജ്‌ ലഭിച്ചു (അഹ്‌മദ്‌, ഇബ്‌നുഹിബ്ബാന്‍) എന്നും അവിടുന്ന്‌ പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. ദുല്‍ഹിജ്ജ ഒമ്പതിന്‌ സൂര്യന്‍ മധ്യാഹ്‌നത്തില്‍ നിന്ന്‌ തെറ്റിയശേഷം റസൂല്‍(സ) അറഫയില്‍ പ്രവേശിച്ചു. സൂര്യന്‍ പൂര്‍ണമായും അസ്‌തമിക്കുന്നതുവരെ അവിടെ കഴിച്ചുകൂട്ടി. അസ്വര്‍ മുതല്‍ പൂര്‍ണമായും അസ്‌തമിക്കുന്നതു വരെയാണ്‌ അറഫയിലെ ഏറ്റവും പ്രധാനപ്പെട്ട സമയമെങ്കിലും സുബ്‌ഹിന്‌ മുമ്പായി അറഫയില്‍ എത്തിയാലും അറഫ ലഭിച്ചതായി പരിഗണിക്കും.

പ്രാര്‍ഥന പ്രധാനം

ഒരു ഇബാദത്തെന്ന നിലയ്‌ക്ക്‌ ഹജ്ജിലെ സുപ്രധാന കര്‍മം പ്രാര്‍ഥന തന്നെയാണ്‌. `പ്രാര്‍ഥന അതുതന്നെയാണ്‌ ഇബാദത്ത്‌' എന്ന നബിവചനം ഇവിടെ കൂടുതല്‍ പ്രസക്തമാകുന്നു. ഹജ്ജിനിടയില്‍ ആറ്‌ പ്രധാന സ്ഥലങ്ങളില്‍ നബിതിരുമേനി കൈകള്‍ അല്ലാഹുവിലേക്കുയര്‍ത്തി പ്രത്യേകം പ്രാര്‍ഥിക്കുകയുണ്ടായി. സ്വഫാ മലയിലും മര്‍വാ മലയിലും അറഫായിലും മുസ്‌ദലിഫയിലും ഒന്നും രണ്ടും ജംറകളില്‍ കല്ലെറിഞ്ഞശേഷവും ഇതിനു പുറമെ സൗകര്യാനുസരണം യഥേഷ്‌ടം പ്രാര്‍ഥിക്കാവുന്നതാണ്‌. മേല്‍ സ്ഥലങ്ങളിലെല്ലാം പ്രാര്‍ഥിച്ചപ്പോള്‍ ഖിബ്‌ലയെ അഭിമുഖീകരിക്കാന്‍ അവിടുന്ന്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അറഫയെ സംബന്ധിച്ച്‌ അവിടുന്ന്‌ പ്രത്യേകം പറഞ്ഞതും ചെയ്‌തതും പ്രാര്‍ഥനയുടെ കാര്യമാണ്‌.
അവിടുന്ന്‌ പറഞ്ഞു: ``ഏറ്റവും നല്ല ദുആഅ്‌ (പ്രാര്‍ഥന) അറഫാ ദിവസത്തിലെ പ്രാര്‍ഥനയാണ്‌. ഞാനും എനിക്ക്‌ മുമ്പ്‌ വന്ന പ്രവാചകന്മാരും പറഞ്ഞതില്‍ വെച്ചേറ്റവും ശ്രേഷ്‌ഠമായ വാക്യം ലാഇലാഹ ഇല്ലല്ലാഹ്‌ (അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല) എന്നതാണ്‌.'' (അഹ്‌മദ്‌, തിര്‍മിദി). നബിതിരുമേനി(സ) അങ്ങേയറ്റം താഴ്‌മയോടും വിനയത്തോടും കൂടി അല്ലാഹുവോട്‌ ഇവിടെ വെച്ച്‌ പ്രാര്‍ഥിക്കുകയുണ്ടായി. ഒട്ടകപ്പുറത്തിരുന്ന്‌ പ്രാര്‍ഥിച്ച അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന്‌ ഒട്ടകക്കയര്‍ അറിയാതെ താഴോട്ട്‌ ഉതിര്‍ന്നുവീണപ്പോള്‍ ഒരു കയ്യില്‍ കയര്‍ പിടിച്ച്‌ മറ്റേ കൈ ഉയര്‍ത്തി അദ്ദേഹം പ്രാര്‍ഥനയില്‍ തന്നെ മുഴുകുകയുണ്ടായി (നസാഈ).

അറഫയുടെ ഏറ്റവും വലിയ പ്രത്യേകത ഈ പ്രാര്‍ഥനയും അതുവഴി നേടുന്ന ആത്മവിശുദ്ധിയുമാണ്‌. അല്ലാഹു ഒന്നാനാകാശത്തേക്ക്‌ ഇറങ്ങിവരികയും തന്നോട്‌ ചോദിക്കുന്ന ആളുകളെ നോക്കി കൂടെയുള്ള മലക്കുകളോട്‌ എന്താണ്‌ ഇവരെല്ലാം ചോദിക്കുന്നത്‌ എന്ന്‌ അഭിമാനപൂര്‍വം പറയുകയും ചെയ്യും. അറഫാ ദിനത്തിലെ ഈ പ്രാര്‍ഥനയുടെ ഫലമായാണ്‌ ഏറ്റവും അധികം ആളുകള്‍ നരകവിമുക്തി കൈവരിക്കുന്നത്‌. പിശാച്‌ ഏറ്റവുമധികം വെറുപ്പ്‌ പ്രകടിപ്പിക്കുന്ന ദിവസവും അറഫ തന്നെ. കരഞ്ഞുപ്രാര്‍ഥിച്ചും കരളുരുകി തേടിയും മനസ്സിന്റെ പാപക്കറകള്‍ കണ്ണീര്‍കണങ്ങള്‍ കൊണ്ട്‌ കഴുകിയും പൂര്‍ണ വിശുദ്ധിവരുത്തി ഒരു കുഞ്ഞിനെപ്പോലെ പരിശുദ്ധി നേടി മടങ്ങാന്‍ ഹാജിയെ സഹായിക്കുന്നതില്‍ മുഖ്യമായിട്ടുള്ളത്‌ അറഫാ ദിനമാണ്‌. ഈ സുദിനത്തിലെ മഹത്വം പരിഗണിച്ച്‌ ലോകമെമ്പാടുമുള്ള സത്യവിശ്വാസികള്‍ അന്നേ ദിവസം നോമ്പെടുത്ത്‌ അതിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന്‌ പ്രവാചക തിരുമേനി നിര്‍ദേശിക്കുകയുണ്ടായി.
ഓരോരുത്തരും തങ്ങളുടെ ഇഹപര നേട്ടങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുമ്പോള്‍ തന്നെ ലോകത്തെമ്പാടുമുള്ള മുസ്‌ലിം സഹോദങ്ങളുടെ വേദനയും യാതനയും അറിഞ്ഞുകൊണ്ട്‌ അവര്‍ക്കുവേണ്ടിയും പ്രാര്‍ഥനയില്‍ മുഴുകുന്നു. വിശ്വാസി സമൂഹം ഒരൊറ്റ ശരീരംപോലെയാണെന്ന തിരുനബിയുടെ പ്രഖ്യാപനത്തില്‍ നിന്ന്‌ ആവേശം സ്വീകരിച്ച്‌ നടത്തുന്ന ഈ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതോടൊപ്പം സാര്‍വലൗകിക ഇസ്‌ലാമിക സാഹോദര്യത്തിന്റെ ഒരു മാതൃകയായും ഈ രംഗം മാറുന്നു. തനിക്കുവേണ്ടി ഇഷ്‌ടപ്പെടുന്നത്‌ തന്റെ സഹോദരനുവേണ്ടിയും ഇഷ്‌ടപ്പെടാത്ത കാലത്തോളം വിശ്വാസ പൂര്‍ത്തീകരണം നടക്കുകയില്ലെന്ന്‌ പ്രവാചക തിരുമേനിയുടെ പ്രഖ്യാപനം ഏതൊരു വിശ്വാസിയെയും തന്റെ സഹോദരനായ വിശ്വാസിയെക്കുറിച്ച്‌ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

ഒരു സാര്‍വലൗകിക വീക്ഷണവും സാഹോദര്യവും വളര്‍ത്താനും സ്‌നേഹോഷ്‌മളമായ വിശ്വാസബന്ധം നിലനിര്‍ത്താനും അറഫയിലെ സംഗമത്തോളം സഹായകമായ അവസരങ്ങളില്ല. രാജ്യങ്ങളുടെയും നാടുകളുടെയും അതിരടയാളങ്ങളും ഭാഷാ വര്‍ണങ്ങളുടെ വൈവിധ്യങ്ങളും രൂപഭാവങ്ങളുടെ വ്യത്യാസങ്ങളും പരിഗണിക്കാതെ, ഒരേ സമയത്ത്‌ ഒരേ സ്ഥലത്ത്‌ ഒന്നിച്ചൊരുമിച്ചുകൂടി ഒരേ മനസ്സോടെ സര്‍വലോകരുടെയും രക്ഷകനായ തമ്പുരാനോട്‌ സര്‍വലോകര്‍ക്കും വേണ്ടി നടത്തുന്ന മനസ്സിന്റെ തേട്ടവും യാചനയും ഇങ്ങനെ ഇവിടെയല്ലാതെ മറ്റെവിടെയാണ്‌ കാണുക. ഇസ്‌ലാമിക വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും മാനവിക വീക്ഷണത്തിന്റെയും ഏറ്റവും ഉന്നതമായ ചിത്രമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച സാര്‍വലൗകിക മതത്തിനല്ലാതെ ഇതുപോലൊരു കാഴ്‌ചപ്പാട്‌ നിലനിര്‍ത്താനാവില്ല.

അറഫാ പ്രഭാഷണം

തിരുദൂതരുടെ പ്രസിദ്ധമായ അറഫാ പ്രഭാഷണം നടക്കുന്നത്‌ അറഫയുടെ അതിര്‍ത്തിയിലുള്ള `നമിറ'യില്‍ വെച്ചാണ്‌. അവിടെവെച്ചുള്ള പ്രഭാഷണവും നമസ്‌കാരവും കഴിഞ്ഞ ശേഷമാണ്‌ അവിടുന്ന്‌ അറഫയിലേക്ക്‌ പ്രവേശിച്ചത്‌. അറഫ എന്ന നാമകരണം ഈ സ്ഥലത്തിന്‌ കിട്ടാന്‍ പല കാരണങ്ങളും പറയപ്പെട്ടിട്ടുണ്ട്‌. അവയൊന്നും തന്നെ ഖണ്ഡിതമായ അറിവല്ല. ഇബ്‌റാഹീം നബി(അ)ക്ക്‌ ജിബ്‌രീല്‍(അ) ഹജ്ജ്‌ നിര്‍വഹിച്ചു കാണിച്ചുകൊടുത്ത ശേഷം അവിടെവെച്ച്‌ അറഫ്‌ത (മനസ്സിലാക്കിയോ?) എന്ന്‌ ചോദിച്ചറിഞ്ഞതിനാലാണെന്നും ആദമും ഹവ്വായും അവിടെവെച്ച്‌ പരസ്‌പരം കണ്ടുമുട്ടി തിരിച്ചറിഞ്ഞതിനാലാണെന്നും മറ്റും അഭിപ്രായങ്ങള്‍ ഉണ്ട്‌.
ചരിത്രപ്രസിദ്ധമായ ഈ അറഫാ പ്രഭാഷണം ഒട്ടനവധി കാര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌. ഇസ്‌ലാമിന്റെ മൗലികമായ പല തത്വങ്ങളും പഠിപ്പിക്കുകയും ഒരു സാര്‍വലൗകിക മതത്തിന്റെ അന്തിമ ദൂതനെന്ന നിലക്കുള്ള വിടവാങ്ങല്‍ പ്രഭാഷണത്തില്‍ സാമൂഹികവും മാനവികവുമായ ഒട്ടനവധി കാര്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്‌. ഒറ്റവാക്കില്‍ ഒരു `മനുഷ്യാവകാശ പ്രഖ്യാപനം' എന്ന്‌ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. കാലത്തിന്റെ തന്നെ ഗതി മാറ്റിയ ഒരു ചരിത്രസംഭവത്തിന്റെ അസുലഭമായ ഒരു സന്ദര്‍ഭത്തില്‍ അതിനെല്ലാം വിജയകരമായി നേതൃത്വം നല്‍കിയ മഹാനായ ഒരു പ്രവാചകന്‌ എന്തെല്ലാം പറയാനുണ്ടാകും!

പ്രവാചകന്റെ ജീവചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഭാഷണമായി ഈ പ്രഭാഷണം അറിയപ്പെടുന്നു. കുന്നും മലയും മണല്‍തിണ്ണകളും നിറഞ്ഞു നില്‌ക്കുന്ന, ചന്തകളുടെയും മേളകളുടെയും ബഹളങ്ങളില്ലാത്ത, ശാന്തഗംഭീരമായ ഒരന്തരീക്ഷത്തില്‍ ഒരു ലക്ഷത്തില്‍പരം അനുയായികളുടെ മുമ്പില്‍ നിന്നുകൊണ്ട്‌ ദൗത്യം പൂര്‍ത്തീകരിച്ച നിര്‍വൃതിയും ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ കനത്ത ബാധ്യതയും തന്റെ കര്‍മങ്ങള്‍ക്കെല്ലാം നിരന്തരം സാക്ഷിയായിക്കൊണ്ടിരിക്കുന്ന സര്‍വ ലോകരക്ഷകനായ റബ്ബിന്റെ അടുക്കലേക്ക്‌ തിരിച്ചുപോകേണ്ടതിന്റെ ഭയവും ചേര്‍ന്നുനില്‌ക്കുന്ന ആ സന്ദര്‍ഭത്തില്‍ അവിടുന്ന്‌, തന്റെ റബ്ബിനെ സാക്ഷിനിര്‍ത്തി ആവര്‍ത്തിച്ചു ചോദിച്ചു: `അലാ ഹല്‍ ബല്ലഗ്‌തു.... അലാ ഹല്‍.... ' എന്നെ ഏല്‌പിച്ച ഉത്തരവാദിത്തം ഞാന്‍ പൂര്‍ത്തിയാക്കിയില്ലേ? ആ വാക്കുകള്‍ ശ്രവിച്ചിരുന്ന സദസ്സ്‌ ഒന്നൊഴിയാതെ മൊഴിഞ്ഞു. അതെ. `അല്ലാഹുവേ നീ ഇതിന്‌ സാക്ഷിയാകണേ' എന്ന്‌ മൊഴിഞ്ഞുകൊണ്ട്‌ അവിടുന്ന്‌ വാക്കുകള്‍ പൂര്‍ത്തീകരിച്ചു. ആത്മനിര്‍വൃതിയുടെ അനര്‍ഘനിമിഷങ്ങളായിരുന്നു അത്‌!

നേതൃത്വത്തിന്റെ മാതൃക

ജീവിതത്തിലുടനീളം ഏറ്റവും നല്ല മാതൃകകള്‍ മാത്രം കാണിച്ചുകൊണ്ടാണ്‌ അവിടുന്ന്‌ ജീവിച്ചത്‌. എക്കാലത്തുമുള്ള മനുഷ്യസമൂഹത്തിന്‌ അവിടുന്ന്‌ മാതൃക തന്നെ. രാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും ജനനായകന്മാര്‍ക്കും തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍ നേതൃത്വം കയ്യാളുന്ന എക്കാലത്തെയും മനുഷ്യര്‍ക്ക്‌ മാതൃകയായിക്കൊണ്ട്‌ അവിടുന്ന്‌ ഈ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചത്‌ ഏറെ ശ്രദ്ധേയമാണ്‌. ``ജാഹിലിയ്യത്തിന്റെ (ഇസ്‌ലാമിനു മുമ്പുള്ള കാലം) മുഴുവന്‍ പലിശയിടപാടുകളും ഞാന്‍ ദുര്‍ബലപ്പെടുത്തുന്നു. ആദ്യമായി ഞാന്‍ ദുര്‍ബലപ്പെടുത്തുന്നത്‌ നമ്മുടെ കുടുംബത്തിലെ അബ്ബാസ്‌ ബിന്‍ അബ്‌ദുല്‍മുത്വലിബിന്റെ പലിശയാണ്‌. അവയെല്ലാം ഞാന്‍ ദുര്‍ബലപ്പെടുത്തുന്നു''. ജാഹിലിയ്യത്തിന്റെ മുഴുവന്‍ സംസ്‌കാരങ്ങളും അവസാനമായി കാല്‍ക്കീഴില്‍ ചവിട്ടിത്താഴ്‌ത്തി ഇസ്‌ലാമിന്റെ മങ്ങാത്ത പ്രകാശശോഭയിലേക്ക്‌ ജനങ്ങളെ നയിച്ചുകൊണ്ട്‌ അവിടുന്ന്‌ പ്രഖ്യാപിച്ചതാണിത്‌.

പലിശ കടുത്ത സാമ്പത്തിക ചൂഷണോപാധിയായി ആ സമൂഹത്തെ വരിഞ്ഞുമുറുക്കിയിരുന്നു. അതില്‍നിന്ന്‌ എന്നെന്നേക്കുമായി അവരെ മോചിപ്പിക്കുകയാണ്‌ പ്രവാചകന്‍. ഇനിയൊരിക്കലും തന്റെ സമൂഹത്തില്‍ അത്‌ നാമ്പെടുക്കരുതെന്ന അര്‍ഥത്തില്‍ അവിടുന്ന്‌ അതെല്ലാം കാല്‍ക്കീഴില്‍ ചവിട്ടിത്താഴ്‌ത്തി. ഒരു ജനതയുടെ സര്‍വതോമുഖമായ പുരോഗതിക്കും വിമോചനത്തിനും വേണ്ടി നിയോഗിതനായ പ്രവാചകന്‍ ഈ കടുത്ത ചൂഷണ വ്യവസ്ഥയെ നിരാകരിച്ച്‌ ചരിത്രത്തില്‍ തിളങ്ങിനില്‌ക്കുന്നു!
നേതൃത്വത്തിലിരിക്കുമ്പോള്‍ തനിക്കോ കുടുംബത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ വരുന്ന നഷ്‌ടം കണക്കുകൂട്ടിയെടുത്ത്‌ അതിനനുസരിച്ച്‌ നിയമനിര്‍മാണങ്ങള്‍ നടത്തുന്ന ഇക്കാലത്ത്‌, പ്രവാചകതിരുമേനിയുടെ മാതൃക ഇവിടെ ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്‌.

പലിശയിനത്തില്‍ തന്റെ കുടുംബത്തിന്‌ വരാവുന്ന മുഴുവന്‍ സാമ്പത്തിക ലാഭവും ഒന്നാമതായി തന്നെ എഴുതിത്തള്ളിക്കൊണ്ട്‌ തന്റെ പിതൃസഹോദരനും സംരക്ഷകനും ഏറ്റവും അടുത്ത വ്യക്തിയുമായ അബ്ബാസിബ്‌നി അബ്‌ദുല്‍മുത്വലിബിന്‌ കിട്ടേണ്ട പലിശയിനത്തിലെ മുഴുവന്‍ വരുമാനവും അവിടുന്ന്‌ ദുര്‍ബലപ്പെടുത്തിയതായി പ്രഖ്യാപിച്ചു. ഒരു കൊടുംപലിശ വ്യാപാരിയുടെ എല്ലാ പലിശയിടപാടുകളും ഒരു പ്രഖ്യാപനത്തിലൂടെ എന്നെന്നേക്കുമായി ദുര്‍ബലപ്പെടുത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും. ശുപാര്‍ശകരും ആശ്രിതരും ഉപജാപസംഘങ്ങളും എന്തെല്ലാം ഗൂഢപദ്ധതികളാവിഷ്‌കരിക്കും. പക്ഷേ, അതൊന്നുമില്ലാതെ, ശാന്തമായി അതെല്ലാം ശിരസ്സാവഹിച്ചുകൊണ്ട്‌ ആ തീരുമാനം അദ്ദേഹവും മറ്റു പലിശയിടപാടുകാരും ഏറ്റെടുത്തു. അങ്ങനെ ചരിത്രത്തിലെ അതുല്യമായ ഒരു സംഭവമായി അത്‌ മാറി.

പലിശ നിഷിദ്ധമാക്കിയപ്പോള്‍ തന്റെ കുടുംബത്തിനുള്ള വരുമാനം നഷ്‌ടപ്പെടുത്തിക്കൊണ്ട്‌ തുടങ്ങിയ പ്രവാചകന്‍ ഇതിനുമുമ്പ്‌ സകാത്ത്‌ നടപ്പാക്കിയപ്പോള്‍ കാണിച്ചത്‌ ഇതിന്റെ മറുപുറമാണ്‌. സകാത്ത്‌, സ്വത്തിന്റെ വരുമാനമനുസരിച്ചു ഓരോരുത്തരും നല്‌കേണ്ട വിഹിതമാണ്‌. ഈ വിഹിതം നിര്‍ബന്ധമായും നല്‌കണം. നല്‌കുന്നവര്‍ക്ക്‌ അത്‌ തങ്ങളുടെ സ്വത്തില്‍ നിന്ന്‌ കുറയുമ്പോള്‍ വാങ്ങുന്നവര്‍ക്ക്‌ അത്രയും ഇങ്ങോട്ട്‌ കിട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരമൊരു കാര്യം നിയമമായി പ്രഖ്യാപിച്ചപ്പോള്‍ അവിടുന്ന്‌ പറഞ്ഞത്‌; മുഹമ്മദിന്റെ കുടുംബത്തിന്‌ സകാത്ത്‌ വിഹിതത്തില്‍ നിന്ന്‌ ഒന്നും കൈപറ്റാന്‍ അവകാശമില്ല എന്നാണ്‌! മനുഷ്യസമൂഹത്തെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവര്‍ മാതൃകയാക്കേണ്ട ജീവിത വിശുദ്ധിയാണ്‌ ഇവിടെ പ്രവാചകന്‍ ഏറ്റവും അവസാനത്തിലും പഠിപ്പിക്കുന്നത്‌. കാലവും ലോകവും എന്നാണ്‌ ഇത്തരമൊരു മാതൃകയിലേക്ക്‌ തിരിച്ചുവരിക?
മഖ്‌സൂം ഗോത്രക്കാരിയായ ഒരു സ്‌ത്രീ മോഷണം നടത്തിയപ്പോള്‍ അതിനു ഇസ്‌ലാമിന്റെ ശിക്ഷ വിധിച്ചപ്പോള്‍ ശുപാര്‍ശയുമായെത്തിയവരോട്‌ പ്രവാചകന്‍ പ്രഖ്യാപിച്ചത്‌ ഇവിടെ പ്രത്യേകം അനുസ്‌മരണീയമാണ്‌: അല്ലാഹുവില്‍ ആണയിട്ടു ഞാന്‍ പറയുന്നു; മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ്‌ മോഷണം നടത്തിയതെങ്കില്‍ പോലും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും'' -ധീരവും സത്യസന്ധവുമായ നിലപാട്‌.
സ്വജനപക്ഷപാതവും ആശ്രിതവാത്സല്യവും സ്വന്തക്കാരെ എന്ത്‌ നെറികേടിലും സംരക്ഷിക്കലുംംരക്ഷിക്കലും നേതൃപാടവമായും അധികാരത്തില്‍ തുടരാനുള്ള യോഗ്യതയായും വിലയിരുത്തപ്പെടുന്ന കാലത്ത്‌ പ്രവാചകതിരുമേനിയുടെ മാതൃക ഒളിമങ്ങാതെ പ്രശോഭിച്ചുതന്നെ നില്‌ക്കുന്നു. അവിടുന്ന്‌ മാത്രമല്ല, അവിടുന്ന്‌ വളര്‍ത്തിയെടുത്ത പ്രിയശിഷ്യന്മാരും ഇത്‌ മാതൃകയാക്കുകയുണ്ടായി. പ്രവാചകന്‌ ശേഷം ഇസ്‌ലാമിക രാജ്യം ഭരിച്ച ഖലീഫമാരുടെ ചരിത്രം ഇത്‌ ബോധ്യപ്പെടുത്തുന്നു. രണ്ടാം ഖലീഫ ഉമറിന്റെ(റ) ഒരു പ്രസ്‌താവം മാത്രം ഇവിടെ പരിശോധിക്കാം. അദ്ദേഹം ഏതെങ്കിലും നിയമങ്ങള്‍ നടപ്പാക്കാനുദ്ദേശിച്ചാല്‍ ആദ്യം തന്റെ ബന്ധുക്കളെയും സ്വന്തക്കാരെയും കുടുംബാംഗങ്ങളെയും വിളിച്ചുചേര്‍ത്ത്‌ ഇങ്ങനെ പറയുമായിരുന്നു: ``ജനങ്ങള്‍ നിങ്ങളെ നോക്കുന്നത്‌ കഴുകന്‍ ഇറച്ചിയിലേക്ക്‌ നോക്കുന്നത്‌ പോലെയാണ്‌. ഞാന്‍ ഇന്ന കാര്യങ്ങള്‍ കല്‌പിക്കുകയും ഇന്ന കാര്യങ്ങള്‍ നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ നിങ്ങളില്‍ ഒരൊറ്റയാളും അതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്‌ ഞാന്‍ കാണാതിരിക്കട്ടെ. അങ്ങനെ കണ്ടാല്‍ അവര്‍ക്ക്‌ ഞാന്‍ ഇരട്ടി ശിക്ഷ നല്‍കുന്നതാണ്‌''. ആരുണ്ട്‌ ഇങ്ങനെ ഒരു ഭരണാധികാരി. എവിടെയുണ്ട്‌ ഇതിന്‌ തുല്യമായ ഒരു സംസ്‌കാരം.

By സി മുഹമ്മദ്‌ സലീം സുല്ലമി