നബിയുടെ മരണം ലോകത്തിന്റെ നഷ്ടം

റബിഉൽ അവ്വൽ 12! ലോക ഗുരുവും നമ്മുടെ പ്രിയപ്പെട്ട പ്രവാചകനുമായ മുഹമ്മദ് നബി (സ) ഈ ലോകത്തോട്‌ വിട പറഞ്ഞദിവസം! മുസൽമാന്റെ ഓർമയിൽ ദു:ഖം തികട്ടിവരുന്ന ദിവസം! ലോകത്തിന് ഏറ്റവും വലിയ നഷ്ടം സംഭവിച്ച ദിവസം! പുരോഹിതന്മാർ സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കാതെ മറച്ചുവെക്കുകയായിരുന്നു ഈ സത്യം! ഇക്കാര്യം - നബിയുടെ മരണം നടന്നത് റബീഉൽ അവ്വൽ 12 നാണെന്ന കാര്യം!  നിഷ്കളങ്കരായ സാധാരണ മുസ്ലിംകൾ അറിഞ്ഞിരുന്നെങ്കിൽ ഇന്നേ ദിവസം പുരോഹിതന്മാരോടൊപ്പം ആഹ്ലാദിക്കുകയും ആർമോദിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നവരുടെ എണ്ണം വളരെ വളരെ കുറയുമായിരുന്നു! ലോകത്തിന്റെ നഷ്ടവും വിശ്വാസികളുടെ ദു:ഖവുമായ പ്രവാചക വിയോഗവും ആ ദു:ഖ സംഭവം നടന്നത് റബീഉൽ അവ്വൽ 12 ആണെന്ന ചരിത്ര സത്യവും മറച്ച് വെച്ചു കൊണ്ടാണ് പല പുരോഹിതന്മാരും റബീഉൽ അവ്വൽ മാസത്തെ വയറും കീശയും വീർപ്പിക്കാനുള്ള വേദിയാക്കുന്നത്!

നബി (സ) യുടെ മരണദിവസത്തെ വർണക്കടലാസിന്റെ പളപളപ്പിലും ഭക്ഷണ ധാരാളിത്തത്തിലും പണ സമ്പാദനത്തിലും തളച്ചിട്ട് ആട്ടവും പാട്ടുമായി ആർത്തുല്ലസിക്കുന്ന പുരോഹിതന്മാരോടും അവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുധാവനം ചെയ്യുന്ന പാമരമുസൽമാനോടും ചോദിക്കട്ടെ :-

നിങ്ങളുടെ ഉമ്മയോ ഉപ്പയോ മറ്റു വേണ്ടപ്പെട്ടവരോ സ്നേഹപ്പെട്ടവരോ മരണപ്പെട്ട ദിവസം വരുമ്പോൾ നിങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുമോ?
ഇല്ല എന്നാണ് മറുപടിയെങ്കിൽ സ്വന്തം ഉമ്മയെക്കാൾ, ഉപ്പയേക്കാൾ, മറ്റാരേക്കാളും വേണ്ടപ്പെട്ടവരും സ്നേഹപ്പെട്ടവരുമായ നബി (സ) മരണപ്പെട്ട ദിവസം ആർത്തുല്ലസിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?!

നബി (സ) ജനിച്ചത് ഒരു റബീഉൽ അവ്വൽ 2 നാണെന്നും 8 നാണെന്നും 9നാണെന്നും 12 നാണെന്നും പ്രബലമായ 4 അഭിപ്രായങ്ങളുണ്ട്. എന്നാൽ നബി (സ) മരണപ്പെട്ടത് ഹിജ്‌റ 11-ാം വർഷം റബീഉൽ അവ്വൽ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണെന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത ഏക ഖണ്ഡമായ ചരിത്രവസ്തുതയാണ്! അഥവാ നബിദിന ഘോഷയാത്രക്കാർ സന്തോഷപ്പാട്ടു പാടി പായസവും ഫാലൂദയും കഴിച്ച് അടുത്ത സ്വീകരണ പോയന്റിലേക്ക് നീങ്ങുന്ന ഇളയുച്ചനേരത്താണ് പൊന്നു മക്കളേ നിങ്ങളുടെ / നമ്മുടെ പുന്നാര നബി മരണപ്പെട്ടത്! ലോകത്തിന്റെ ദുഖം - നബിയുടെ മരണം - നടന്ന ഈ ദിവസം ദു:ഖാചരണം നടത്തിയില്ലെങ്കിലും സന്തോഷാ ഘോഷം നടത്താതിരിക്കാനുള്ള ഒരു ബന്ധമെങ്കിലും നബിയോട് കാണിക്കാൻ നിങ്ങൾ മറക്കുന്നതെന്തേ?!!

നബിയോടുള്ള വല്ലാത്ത സ്നേഹം കൊണ്ടാണിതൊക്കെ ചെയ്യുന്നതെങ്കിൽ സവിനയം ഒരു സത്യം ഓർമിപ്പിക്കട്ടെ; നിങ്ങളെക്കാൾ അധികം നബിയെ സ്നേഹിച്ച അബൂബക്കർ (റ) ,ഉമർ (റ) ,ഉസ്മാൻ(റ) ,അലി (റ) എന്നീ ഖലീഫമാരും അബൂഹനീഫ, ശാഫി, മാലിക് ,അഹ്മദുബ്നു ഹമ്പൽ തുടങ്ങിയ ഇമാമുമാരും ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം നസാഇ, ഇമാം തിർമുദി, ഇമാം അബൂദാവൂദ്‌ തുടങ്ങിയ മുഹദ്ദിസുകളും സച്ചരിതരായ ,ആദ്യ നൂറ്റാണ്ടുകാരായ സലഫുസ്വാലിഹുകളുമൊന്നും റബിഉൽ അവ്വൽ മാസത്തിൽ പ്രത്യേകിച്ചെന്തെങ്കിലും ആചാരങ്ങളോ ആഘോഷങ്ങളോ നടത്തിയിട്ടില്ല. റബീഉൽ അവ്വൽ ആഘോഷമാക്കുന്ന ഒറ്റ പുരോഹിത മുസ്ല്യാരും ഇവർ ആഘോഷിച്ച/ ആചരിച്ച നബിദിനാചാരത്തിന്റെ പ്രാമാണികമായ ഒരു രേഖയും ഇന്ന് വരെ ഹാജരാക്കിയിട്ടുമില്ല. ഇതിലൂടെ തന്നെ മനസ്സിലാക്കിക്കൂടെ ഇതൊക്കെ ഏതോ ഒരു മുദഫർ രാജാവിന്റെയും കുറെ പുരോഹിതന്മാരുടെയും സ്വയം കൃത ഏർപ്പാടാണെന്ന്!!

ആയിക്കോട്ടെ ! അതിന് തെരഞ്ഞെടുത്ത ദിവസം പ്രിയപ്പെട്ട നബി (സ) മരണപ്പെട്ട ദിവസം തന്നെ ആയിപ്പോയല്ലൊ എന്നതാണ് ഏറെ സങ്കടകരം!!!

© ശംസുദ്ദീൻ പാലക്കോട്