കട ചിന്തകൾ

"കടം പകലുകളില്‍ അപമാനമാണ്, രാത്രികളില്‍ തീരാ ദുഃഖമാണ് ". ഇമാം ശാഫിഈ(റ)യുടെ അർത്ഥവത്തായ വാക്കാണിത് .  കടം വാങ്ങുന്ന ആളുകൾ കൃത്യ സമയത്തിന് അത് കൊടുക്കാൻ കഴിയാതെ  വരുമ്പോൾ  പകലുകൾ  അയാളെ സംബന്ധിച്ചിടത്തോളം ആളുകളു.ടെ മുന്നില്‍ അഭിമാനത്തോടെ നട്ടെല്ല് നിവര്‍ത്തി നടക്കാന്‍ സാധിക്കാതെ വരുന്നു.  അപമാനഭാരം സഹിച്ച് കൊണ്ടേ ജീവിക്കാനേ അയാൾക്ക് കഴിയുകയുള്ളു. രാത്രിയാവുമ്പോള്‍ പിറ്റേന്ന് കൊടുത്ത് തീര്‍ക്കാനുള്ള കടബാധ്യതകളെ കുറിച്ചുള്ള ബോധം അയാളുടെ ഉറക്കം കെടുത്തും. സമാധാനത്തോടെ ജീവിക്കാന്‍ ആ മനുഷ്യന് സാധിക്കുകയില്ല. ആളുകൾ പഴിക്കും, ചിലപ്പോൾ ചീത്ത വിളിച്ചു എന്നിരിക്കും. എല്ലാം കേൾക്കാൻ അയാൾ അർഹനാണ്. നുണ പറയാനും വാഗ്ദാനം ലംഘിക്കാനും, അരുതാത്തത് ചെയ്യാനും അത് ചിലപ്പോൾ അയാളെ പ്രേരിപ്പിക്കും. എത്ര പേരാണ് ഇതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചത് !,   ഇതാണ് ഇമാം ശാഫിഈ(റ)  പറഞ്ഞ വാക്കിന്റെ അർഥം. 

ഈ വിഷയത്തിൽ പ്രവാചകൻ പഠിപ്പിച്ച പ്രാർത്ഥന നമുക്ക് ഉപയോഗിക്കാം :

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ
(അല്ലാഹുവേ ദുഃഖത്തില്‍ നിന്നും, സങ്കടത്തില്‍ നിന്നും  ഞാന്‍ നിന്നോട് അഭയം തേടുന്നു.   ദൗര്‍ബല്യം,  അലസത എന്നിവയില്‍ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. ഭീരുത്വം, പിശുക്ക് എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.  അല്ലാഹുവേ കടക്കെണിയില്‍ നിന്നും, കടപ്പെരുപ്പത്തില്‍ നിന്നും, ജനങ്ങള്‍ അതിജയിക്കുന്ന അവസ്ഥയില്‍ നിന്നും, ഞാൻ നിന്നോട് കാവൽ തേടുന്നു.)

ഇതും കൂടി പ്രാർത്ഥിക്കുക.

«اللَّهُمَّ اكْفِنِي بحَلالِكَ عَنْ حَرَامِكَ، وَأَغْنِنِي بفَضْلِكَ عَمَّنْ سِوَاكَ».
(അല്ലാഹുവേ , നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദനീയമാക്കിയത്‌ കൊണ്ട് എന്റെ ആവശ്യങ്ങള്‍ക്ക്‌ നീ മതിയാക്കണമേ! നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിടവരുത്തരുതേ.)

അലി (റ)ൽനിന്ന് നിവേദനം : "മോചനപത്രം എഴുതപ്പെട്ട ഒരടിമ എന്റെ അടുത്ത് വന്നുപറഞ്ഞു : 'ഞാൻ കരാർ പാലിക്കാൻ അശക്തനായിരിക്കുന്നു എന്നെ സഹായിക്കണം'. ഞാൻ പറഞ്ഞു : 'റസൂൽ(സ) പഠിപ്പിച്ച്തന്ന ചില വാക്കുകൾ നിന്നെ ഞാൻ പഠിപ്പിക്കട്ടെയോ. ആ വാക്കുകൾ പതിവായി ചൊല്ലിവരുന്നപക്ഷം ഒരു പർവ്വതത്തിന്റെ അത്രയും കടം നിനക്കുണ്ടെങ്കിലും അല്ലാഹു നിനക്കത് വീട്ടി തരും നീ പറയൂ:

اَللهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
"അല്ലാഹുവേ , നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദനീയമാക്കിയത്‌ കൊണ്ട് എന്റെ ആവശ്യങ്ങള്‍ക്ക്‌ നീ മതിയാക്കണമേ! നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരെ ആശ്രയിക്കാൻ എനിക്കിടവരുത്തരുതേ". (തിർമുദി).

നാഥാ കടം ഇല്ലാത്തവരായി ഞങ്ങളെ നീ ജീവിപ്പിക്കേണമേ.

കടം ഇല്ലാത്തവരായി ഞങ്ങളെ നീ മരിപ്പിക്കേണമേ.
ഞങ്ങളുടെ കടങ്ങൾ നീ വീട്ടേണമേ, 

ഞങ്ങളുടെ റിസിഖിൽ നീ ബർക്കത് ചൊരിയേണമേ.

ആമീൻ!

By എം നാസർ മദനി