പള്ളികൾ അല്ലാഹുവിന്റേത്‌

"പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. അല്ലാഹുവിന്‍റെ അടിയാൻ  അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും (വഹ്‌യ്‌ നൽകപ്പെട്ടതായി പറയുക).

 (നബിയേ,) പറയുക : 'ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'. പറയുക: 'നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല'. പറയുക: 'അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്‍റെ അധീനതയിലില്ല.) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും'." 

[അദ്ധ്യായം 72 ജിന്ന് 18 - 23]

അല്ലാഹുവിനെ ആരാധിക്കുവാനും അവനോട് പ്രാര്ത്ഥന നടത്തുവാനും വേണ്ടി അവന്റെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നവയാണ് പള്ളികളാകുന്ന ആരാധനാസ്ഥലങ്ങൾ. ആരാധനയും പ്രാര്ത്ഥനയുമാകട്ടെ, അല്ലാഹുവിനുമാത്രം അവകാശപ്പെട്ടതുമാണ്. എന്നിരിക്കെ, അവിടെവെച്ച് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കുവാനോ വിളിച്ചു പ്രാര്ത്ഥിക്കുവാനോ മുതിരുന്നത് വമ്പിച്ച അക്രമവും അനീതിയും പാപവുമാകുന്നു. ബഹുദൈവാരാധകന്മാര്‍ അവരുടെ ആരാധനാസ്ഥലങ്ങളിൽ പല ദൈവങ്ങളെയും വിളിച്ചാരാധിക്കുന്നതുപോലെയും, വേദക്കാര്‍ അവരുടെ പള്ളികളിൽ ഈസാ(അ) നബി മുതലായവരെ വിളിച്ചാരാധിക്കുന്നതുപോലെയും പള്ളികളിൽവെച്ച് ചെയ്തുകൂടാ എന്നത്രെ 18-ആം വചനത്തിന്റെ സാരം. പള്ളികളിൽ ആര്ക്കുമാര്ക്കും പ്രത്യേക അവകാശം വാദിക്കാവതല്ലെന്നും, അല്ലാഹുവിന് മാത്രമാണ് അവയുടെ ഉടമാവകാശമെന്നും അവ മുസ്‌ലിംകൾ അവരുടെ പൊതുസ്ഥാപനമായി ഉപയോഗിക്കേണ്ടതാണെന്നും ഈ വചനത്തില്നി്ന്ന് മനസ്സിലാക്കാവുന്നതാണ്.

‘അല്ലാഹുവിന്റെ അടിയാൻ’ (عَبْدُ اللَّـهِ) എന്നു പറഞ്ഞതു നബി(സ)യെ ഉദ്ദേശിച്ചാകുന്നു. തിരുമേനിയുടെ അടുക്കൽ ജിന്നുകൾ ചെല്ലുമ്പോൾ അവിടുന്ന് സഹാബികളൊന്നിച്ച് നമസ്കരിക്കുകയായിരുന്നു. നമസ്കാരകര്മ്മവും ഖുര്ആൻ പാരായണവും കണ്ടപ്പോൾ അവർ ആശ്ചര്യത്തോടും ആവേശത്തോടും കൂടി തിരക്കിട്ടു തിരുമേനിയുടെ ചുറ്റും ചെന്നു കൂടുകയായി. ഈ വിവരവും നബി(സ)ക്ക് വഹ്യു മൂലം അല്ലാഹു അറിയിച്ചു കൊടുത്തു എന്നാണ് 19-ആം വചനത്തിൽ പ്രസ്താവിക്കുന്നത്. ഈ വചനം ജിന്നുകൾ തങ്ങളുടെ ജനതയോട് ചെയ്ത പ്രസ്താവനകളിൽ ഉള്പ്പെവട്ടതാണത്രെ വ്യാഖ്യാതാക്കളിൽ ഒരു പക്ഷത്തിന്റെ അഭിപ്രായം.

നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, ഞാനൊരിക്കലും തൗഹീദിനെതിരായി ഒന്നും പ്രവര്ത്തിക്കുകയില്ല,
നിങ്ങള്ക്ക്ّ വല്ല ഗുണമോ ദോഷമോ വരുത്തുവാൻ എനിക്ക് സാദ്ധ്യവുമല്ല, എനിക്കുതന്നെയും അല്ലാഹുവിങ്കൽ നിന്ന് വല്ല ആപത്തും വരികയാണെങ്കിൽ അത് തടുക്കുവാൻ സാധ്യമല്ല, അവനല്ലാതെ എനിക്ക് രക്ഷയുമില്ല. പക്ഷേ, അല്ലാഹുവിന്റെ പക്കൽനിന്നുള്ള ദൗത്യങ്ങൾ നിറവേറ്റുവാനും അവന്റെ സന്ദേശങ്ങൾ പ്രബോധനം ചെയ്യുവാനും ഞാൻ നിയുക്തനായിരിക്കുകയാണ്. ആ നിലക്കാണ് ഞാൻ നിങ്ങളെ അഭിമുഖീകരിക്കുന്നത്. ഒരു കാര്യം നിങ്ങൾ ഓര്ത്തിെരിക്കണം. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവാൻ തയ്യാറില്ലെങ്കിൽ നിങ്ങൾ ശാശ്വതമായ നരകശിക്ഷക്ക് അര്ഹരായിരിക്കും. തല്ക്കാലം കുറെയൊക്കെ കഴിവും സ്വാധീനവും നിങ്ങള്ക്കുണ്ടെന്ന് കരുതി നിങ്ങൾ വഞ്ചിതരാകേണ്ട. അതൊന്നും അല്ലാഹുവിന്റെ ശിക്ഷക്കെതിരിൽ നിങ്ങള്ക്ക് ഉപകരിക്കുകയില്ല, നിങ്ങൾ തികച്ചും നിസ്സഹായരായിത്തീരുമെന്ന് നിങ്ങൾ ഓര്ത്തിരിക്കണം. എന്നൊക്കെ, ജനങ്ങളെ ഉല്ബോധിപ്പിക്കുവാൻ നബി(സ)യോടു അല്ലാഹു കല്പ്പിക്കുന്നു.

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം

Popular ISLAHI Topics

ISLAHI visitors