വാഹനം എന്ന അനുഗ്രഹം

"കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു അതിന്‍റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും :  سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ. وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ (ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല; നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്.)" [അദ്ധ്യായം 43 സുഖ്റുഫ് 12,13,14]

വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ – വാഹനം ഏതായാലും ശരി- അല്ലാഹു തങ്ങള്‍ക്കു ചെയ്തുതന്ന അനുഗ്രഹമാണ് അതെന്നും, അവന്‍റെ സഹായമില്ലെങ്കില്‍ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു: ( سُبْحَانَ الَّذِي എന്നു തുടങ്ങി لَمُنقَلِبُونَ എന്നതുവരെ). വാഹനത്തില്‍ കയറി സവാരിചെയ്യുന്ന ഓരോരുവനും അല്ലാഹു പഠിപ്പിച്ചുതന്ന ഈ തസ്ബീഹു ചൊല്ലേണ്ടതാകുന്നു.

നബിﷺ യാത്ര പുറപ്പെട്ടു ഒട്ടകപ്പുറത്തു കയറിയിരുന്നുകഴിഞ്ഞാല്‍, മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, പിന്നീടു ആയത്തില്‍കണ്ട പ്രസ്തുത വാചകങ്ങള്‍ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇബ്നു ഉമര്‍(റ) പ്രസ്താവിച്ചിരിക്കുന്നു. (അ; മു; തി; ദാ.) ഇതേ ഹദീസില്‍തന്നെ ഇപ്രകാരംകൂടി കാണാം: ‘പിന്നീടു നബിﷺ ഇങ്ങിനെ പറയും:

   (اللَّهُمَّ إِنَّي اَسْأَلُكَ فِي سَفَرِي هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا السَّفَرَ وَاطْوِ لَنَا اَلْبَعِيد. اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ اللَّهُمَّ اصْحَبْنا وَاخْلفْنا فِي اهْلِنا) 

  (സാരം: അല്ലാഹുവേ, എന്‍റെ ഈ യാത്രയില്‍ പുണ്യവും ഭയഭക്തിയും നല്‍കണമെന്നും, നീ തൃപ്തിപ്പെടുന്ന പ്രവൃത്തി ചെയ്യാൻ സാധിപ്പിക്കണമെന്നും നിന്നോടു ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങള്‍ക്കു നീ യാത്ര ലഘുവാക്കിത്തരുകയും, ദൂരപ്പെട്ട- ദീര്‍ഘമായ-തിനെ ചുരുക്കിത്തരുകയും വേണമേ! അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ, അല്ലാഹുവേ, ഞങ്ങളുടെ യാത്രയില്‍ നീ ഞങ്ങളെ തുണക്കുകയും, ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യേണമേ!) 

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം