ബദ്‌ർ: ചരിത്രവും പാഠവും

റമദാൻ -17. ബദ്റിന്റെ സ്മരണകളുയരുന്ന ചരിത്രമുഹൂർത്തം!
ബദ്ർ ഇസ്ലാമിക ചരിത്രത്തിലെ പ്രോജ്വലിച്ചു നിൽക്കുന്ന ഒരു അധ്യായമാണ്. ആ ചരിത്രം ഇങ്ങനെ സംക്ഷേപിക്കാം:

👉 മക്കയിലെ മുശ്രിക്കുകളുടെ പീഡനം സഹിക്കവയ്യാതെ മദീനയിൽ അഭയം തേടിയ മുസ്ലിംകളെ അവിടെയും സ്വൈര്യം കൊടുക്കാതെ മദീനയിൽ ചെന്ന് യുദ്ധം ചെയ്ത് നശിപ്പിക്കാൻ മക്കയിലെ ഖുറൈശീ മുശ്രിക്കുകൾ തീരുമാനിച്ചു.അതാണ് മദീനക്കടുത്തുള്ള ബദ്റിൽ മുസ്ലിംകളും മുശ്രിക്കുകളും തമ്മിൽ ഏറ്റുമുട്ടാൻ നിമിത്തമായ ബദ്ർ യുദ്ധമായി കലാശിച്ചത്.

പ്രവാചകന്റെ കൂടെ 317 പേർ മാത്രം. സന്നാഹങ്ങൾ വളരെ കുറവ്.2 കുതിരയും 70 ഒട്ടകവും മാത്രം. 317 പേർ തന്നെയും ഒരു കാര്യ ഗൗരവമായ യുദ്ധം മുന്നിൽ കണ്ട് നബിയുടെ കൂടെ പുറപ്പെട്ടവരുമല്ല. മക്കയിൽ മുസ്ലിംകൾ ഉപേക്ഷിച്ചു വന്ന സ്വത്തെല്ലാം മുശ്രിക്കുകൾ കൊള്ളയടിക്കുകയും അത് ഉപയോഗപ്പെടുത്തി ശാമിൽ പോയി കച്ചവടം നടത്തി അതിന്റെ ലാഭവിഹിതം കൊണ്ട് മുസ്ലിംകൾക്കെതിരെയുദ്ധം ചെയ്യുക എന്ന ക്രൂര ലക്ഷ്യമുള്ള അബൂസുഫ്യാന്റ നേതൃത്വത്തിലുള്ള കച്ചവട സംഘം മദീന വഴികടന്നു പോകുന്നുവെന്നറിഞ്ഞ് അവരെ തടഞ്ഞ് നിർത്തി താക്കീത് നൽകുക എന്ന തികച്ചും ചെറിയ ഒരു ലക്ഷ്യത്തോടെയാണ് നബിയും 317 സ്വഹാബികളും പുറപ്പെട്ടത്.അത് പക്ഷെ അബൂസുഫ്യാൻ മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും യുദ്ധത്തിനായിത്തന്നെ മക്കയിൽ നിന്ന് വന്ന അബൂജഹ്ലിന്റെ നേതൃത്വത്തിലുള്ള 950 അംഗ ശത്രുസംഘത്തെ നേരിടേണ്ടി വന്ന അവസ്ഥയിലെത്തുകയാണുണ്ടായത്.

എന്നാൽ ബദ്ർ യുദ്ധത്തിന്റെ തുടക്കവും തുടർച്ചയും പര്യവസാനവും അത്ഭുതകരമാം വണ്ണം മുസ്ലിംകൾക്കനുകൂലമാവുകയും ശത്രുക്കൾക്കെതിരാവുന്നതുമാണ് നാം കാണുന്നത്.
ശത്രുക്കൾ നാലു പാടും ചിതറിയോടി ശിഥിലമായി.
അവരിൽ അബൂജഹൽ, വലീദ്, ഉത്ത്ബത്ത്, ശൈബത്ത് തുടങ്ങിയ പ്രമുഖരടക്കം 70 പേർ കൊല്ലപ്പെട്ടു! അത്ര തന്നെ പേർ ബന്ധനസ്ഥരായി പിടിക്കപ്പെട്ടു!! ദാരുണവും ദയനീയവുമായ പരാചയം അയവിറക്കി മറ്റുള്ളവർ മക്കയിലേക്ക് അപമാനിതരായി മടങ്ങി!!!

മുസ്ലിംകളിൽ 14 പേർ രക്ത ശാക്ഷികളായി. എങ്കിലും ബദ്റിൽ മുസ് ലിംകൾ ചരിത്ര വിജയം നേടി.

ഈ ചരിത്ര വിജയം മുസ്ലിംകൾക്ക് നേടിക്കൊടുത്തത് ഹിജ്‌റ 2 റമദാൻ 17നായിരുന്നു.
അതാണ് റമദാൻ 17ന്റ ചരിത്രപരമായ പ്രാധാന്യം.

☝ വിശദാംശങ്ങൾ ഒഴിവാക്കി ബദ്ർ യുദ്ധത്തിന്റെ ചരിത്ര സംക്ഷേപമാണ് മുകളിൽ കൊടുത്തത് .
👇 ഇനി ബദ്റിന്റെ എക്കാലത്തേക്കുമുള്ള സുപ്രധാന ഗുണപാഠങ്ങളാണ് താഴെ കൊടുക്കുന്നത്.

👉 ഇസ്ലാമിക ജീവിതത്തിൽ ശിർക്കുമായി ഒരു നിലക്കും കോംപ്രമൈസില്ല എന്നതാണ് ബദ്ർ നൽകുന്ന ഏറ്റവും വലിയ ഗുണപാഠം (ബദ്ർ യുദ്ധത്തിന് വരുമ്പോൾ അബൂജഹൽ ക അബയുടെ കില്ല പിടിച്ച് സത്യത്തിന്റെ കക്ഷിയെ നീ വിജയിപ്പിക്കേണമേ എന്ന് പ്രാർഥിച്ചത് അല്ലാഹുവിനോട് തന്നെയായിരുന്നു! നബിയും പ്രാർഥിച്ചത് അല്ലാഹു വിനോട് തന്നെ. എന്നിട്ടും അവർ തമ്മിൽ യുദ്ധം നടന്നു! കാരണം അബൂജഹൽ അല്ലാഹു വിനെയും വിളിക്കാം മരണപ്പെട്ട മഹാന്മാരെയും വിളിക്കാം എന്ന ശിർക്കിനെ പ്രതിനിധീകരിക്കുന്നു. നബിയും മുസ്ലിംകളും അല്ലാഹു വിനെ മാത്രമേ വിളിക്കാവൂ എന്നതൗഹീദിന പ്രതിനിധീകരിക്കുന്നു.
അതിനാൽ ശിർക്കും തൗഹീദും ഒരിക്കലും കോംപ്രമൈസാവുകയില്ല.)

👉 അല്ലാഹു അവന്റെ ദീനിനെയും ദീനിന്റെ ആളുകളെയും പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കും.

👉 അതിന് മുസ്ലിംകൾക്ക് തൗഹീദിലധിഷ്ഠിതമായ ഈമാനും തഖ്വവയും മരണഭയമില്ലായ്മയും വേണം. (ബദ്റിൽ പങ്കെടുത്ത 317 മുസ്ലിംകൾക്കും ഈ മൂന്ന് ഗുണങ്ങളുണ്ടായിരുന്നു.)

👉 ഭൗതിക മികവിൽ ആരും അഹങ്കരിക്കേണ്ട എന്നതാണ് ബദ്ർ നൽകുന്ന മറ്റൊരു പ്രധാന ഗുണ പാഠം.(അഹങ്കാരത്തോടെയും അമിതമായ ആത്മവിശ്വാസത്തോടെ യും ബദ്റിലേക്ക് വന്ന അബൂജഹ്ൽസംഘത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും ചീട്ടുകൊട്ടാരം തകർന്നു വീഴുന്ന പോലെ തകർന്നു വീണു!)

👉 അനുയായികളെ നേതാവ് പരിഗണിക്കുകയും അവരുടെ ക്രിയാത്മകമായ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കുകയും ചെയ്യണം എന്നതാണ് ബദ്റിലെ മറ്റൊരു ഗുണപാഠം (ബദ്റിൽ മുസ്‌ലിംകൾക്ക് കേമ്പ് ചെയ്യാൻ പറ്റിയ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലം നിർദ്ദേശിച്ചത് ഹുബാബ്നു മുൻദിർ എന്ന സ്വഹാബിയായിരുന്നു. പ്രവാചകൻ ആ നിർദേശം സ്വീകരിക്കുകയും തന്റെ ആദ്യ നിർദേശം നബി (സ) പിൻവലിക്കുകയും ചെയ്തു.)

👉 ഇസ്ലാം വിജ്ഞാനത്തിന് വലിയ വില കൽപിക്കുന്നു എന്ന് ബദ്ർ പഠിപ്പിക്കുന്നു.(ബദ്റിൽ ബന്ധനസ്ഥരായ വരെ മോചിപ്പിക്കാൻ പ്രവാചകൻ വെച്ച ഒരു ഓപ്ഷൻ അക്ഷരാഭ്യാസമില്ലാത്ത 10 മുസ് ലിംകൾക്ക് അക്ഷരവിദ്യ പഠിപ്പിക്കുക എന്നതായിരുന്നു.)

👉 ഇസ്ലാമിനെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാമെന്ന് ആരെങ്കിലും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വ്യാമോഹവും പാഴ്ശ്രമവുമായിരിക്കും എന്നതാണ് ബദ്‌ർ ഉയർത്തിപ്പിടിക്കുന്ന മറ്റൊരു ഗുണപാഠം.

👉 എല്ലാ ഘട്ടത്തിലും പ്രാർഥനയും സഹായതേട്ടവും അല്ലാഹു വിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ബദ്ർ നൽകുന്ന വലിയ പാഠം. നിങ്ങൾ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയപ്പോൾ അവൻ നിങ്ങൾക്കുത്തരം നൽകി എന്ന എന്നബദ്ർ പശ്ചാത്തലമുള്ള ഖുർആൻ ആയത്ത് - അൻഫാൽ: 9 - സൂചന.

☝ ഇത്രയും ഗുണപാഠങ്ങൾ തിരിച്ചറിയാതെ വെറുതെ ബദ്ർ ബദ്ർ എന്ന് പറഞ്ഞ് ആവേശം കൊള്ളുന്നത് കൊണ്ടോ തികച്ചും അനിസ്ലാമികവും ബദ്റിന്റെ തത്വത്തിനും സത്യത്തിനും കടകവിരുദ്ധവുമായ 'ബദ്രീങ്ങളുടെ ആണ്ട്' കഴിക്കുന്നതിലോ ഒരു കാര്യവുമില്ല!

By ശംസുദ്ദീൻ പാലക്കോട്