സഹായതേട്ടം അല്ലാഹുവിനോട്‌ മാത്രം

"നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു." [അദ്ധ്യായം 1 ഫാതിഹ 5]

ഐഹികം, പാരത്രികം, മതപരം, ലൗകികം, എന്നിങ്ങനെയുള്ള തരവ്യത്യാസം കൂടാതെ സകല കാര്യങ്ങള്‍ക്കും അല്ലാഹുവിന്‍റെ സഹായം അനിവാര്യമാകുന്നു. സാധാരണ ഗതിയില്‍ സ്വന്തം കഴിവിലോ, മനുഷ്യകഴിവിലോ പെട്ടതായി കരുതപ്പെടുന്ന കാര്യങ്ങളും ഇതില്‍ നിന്നൊഴിവല്ല തന്നെ. ഒരു ഉദാഹരണം കൊണ്ട് ഇത് മനസ്സിലാക്കാം. എഴുത്തും വായനയും അറിയുന്ന ഒരാള്‍ക്ക് ഒരു കത്തെഴുതുവാന്‍ ഒറ്റനോട്ടത്തില്‍ ഒരു പേന, അല്പം മഷി, ഒരു കടലാസ്സു കഷ്ണം ഇത്രയേ വേണ്ടൂ. അല്‍പം ആലോചിച്ചു നോക്കൂ. ആ പേന കയ്യിലെടുക്കുവാന്‍, അത് പിടിച്ചെഴുതുവാന്‍, ഉദ്ദിഷ്ഠ കാര്യങ്ങള്‍ മനസ്സില്‍ തോന്നുവാന്‍, അതിനുള്ള വാക്കുകള്‍ ഓര്‍മ്മവരുവാന്‍, അവ പിഴക്കാതെ രേഖപ്പെടുത്തുവാന്‍ – അങ്ങിനെ പലതും പലതും- അയാള്‍ക്ക്‌ സാധ്യമാകേണ്ടതുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നിന് തടസ്സം നേരിടുമാറുള്ള കാര്യങ്ങളില്‍ നിന്ന്‍ അയാള്‍ രക്ഷപ്പെട്ടിരിക്കേണ്ടതുമുണ്ട്. കൈക്ക് ഒരു വിറയല്‍, അല്ലെങ്കില്‍ ഒരു വേദന, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരപകടം എന്നിങ്ങനെ ഓര്‍ക്കാപ്പുറത്ത് നേരിടാവുന്ന എത്രയെത്ര കാര്യങ്ങളില്‍ നിന്ന്‍ അയാള്‍ സുരക്ഷിതനായിരിക്കണം? ആലോചിച്ചു നോക്കുക!

ചുരുക്കിപ്പറഞ്ഞാല്‍, ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവില്‍ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്. അത് കൊണ്ട് സൃഷ്ടികളില്‍ നിന്ന്‍ ലഭ്യമല്ലാത്തതും അല്ലാഹുവിങ്കല്‍ നിന്ന്‍ അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് ‘നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്ന് പറയുന്നത്. അദൃശ്യമായ കഴിവ് അല്ലാഹുവിന് മാത്രമാക കൊണ്ട് മറ്റാരോടും അതിനപേക്ഷിക്കുന്നത് വ്യര്‍ത്ഥമായിരിക്കുമെന്ന് മാത്രമല്ല, അത് തനി ശിര്‍ക്കും കൂടിയാണ് താനും. "അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് (لا تَدْعُوا مَعَ الله احدا)" എന്ന് അല്ലാഹു പറഞ്ഞതും അതു കൊണ്ടുതന്നെ. 

ഇബ്നു അബ്ബാസ് (റ) ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:- ഒരു ദിവസം ഞാന്‍ നബി(صلى الله عليه وسلم)യുടെ പിന്നാലെയുണ്ടായിരുന്ന അവസരത്തില്‍ അവിടുന്ന്‍ എന്നോട് ഇപ്രകാരം പറഞ്ഞു: "ഹേ കുട്ടീ, ഞാന്‍ നിനക്ക് ചില വാക്കുകള്‍ പഠിപ്പിച്ചു തരാം; നീ അല്ലാഹുവിനെ കാത്തുകൊള്ളുക. എന്നാലവന്‍ നിന്നെ കാക്കും, നീ അല്ലാഹുവിനെ കാത്തുകൊള്ളുക. എന്നാലവനെ നിനക്കു മുമ്പില്‍ കണ്ടെത്താം. നീ (വല്ലതും) ചോദിക്കുന്നതായാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ (വല്ലതിലും) സഹായര്‍ത്ഥിക്കുന്നതായാല്‍ അല്ലാഹുവിനോട് സഹായമര്‍ത്ഥിക്കുക. നീ അറിഞ്ഞേക്കണം: നിനക്ക് വല്ല ഉപകാരവും ചെയ്‌വാന്‍ സമുദായം ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചു വെച്ചതല്ലാതെ ഒരു ഉപകാരവും അവര്‍ നിനക്ക് ചെയ്കയില്ല. നിനക്ക് വല്ല ഉപദ്രവവും ചെയ്യാന്‍ അവര്‍ ഒത്തൊരുമിച്ചാലും അല്ലാഹു നിന്‍റെ പേരില്‍ നിശ്ചയിച്ചു വെച്ചതല്ലാതെ അവര്‍ നിനക്ക് ഉപദ്രവം ചെയ്കയുമില്ല…" (തിര്‍മിദീ). 

ഇപ്പറഞ്ഞതില്‍ നിന്ന്‍ സൃഷ്ടികളോട് യാതൊരു കാര്യത്തിലും സഹായം അര്‍ത്ഥിക്കേണ്ടതില്ലെന്നോ, അര്‍ത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: —— وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَ – "പുണ്യകരമായതിലും, ഭയഭക്തിയിലും – അഥവാ സൂക്ഷ്മത പാലിക്കുന്നതിലും നിങ്ങളന്യോന്യം സഹായം നല്കുവീന്‍" (മാഇദ : 2). മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ള കഴിവില്‍ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന്‍ സാരം. ഇത് തെറ്റല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അത്യാവശ്യവും, ചിലപ്പോള്‍ അനിവാര്യവും കൂടിയായിരിക്കും. 

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം