കടക്കാരന് ആശ്വാസം നൽകുക

"കടം വാങ്ങിയവരില്‍ വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍." [അദ്ധ്യായം 2 ബഖറ 280]

കടക്കാരന് കടം വീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കംബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവന് ഒഴിവുകൊടുക്കണമെന്നും,അതുവരെ അവനെ ബുദ്ധിമുട്ടിക്കരുതെന്നും കല്‍പിക്കുന്നു. എല്ലാ കടക്കാരെയും ബാധിക്കുന്ന ഒരു കല്‍പനയാണിത്. ഓരോ മുസ്‌ലിമും പ്രത്യേകം ശ്രദ്ധപതിക്കേണ്ടുന്ന ഒരുകടമയുമാകുന്നു. കടസംഖ്യ പാടെ വിട്ടുകൊടുക്കണമെന്ന് അല്ലാഹു ശാസിക്കുന്നപക്ഷം, ബുദ്ധിമുട്ടുള്ളവര്‍ക്ക് കടം കൊടുത്തു സഹായിക്കുവാന്‍ ആരും തയ്യാറാകാതെ വരുമല്ലോ. എന്നാല്‍, അത് ധര്‍മമാക്കി വിട്ടുകൊടുക്കുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമെന്നും, നിങ്ങള്‍ കാര്യം വേണ്ടതുപോലെ മനസ്സിലാക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ചെയ്യേണ്ടതെന്നും പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു. മുഴുവന്‍ വിട്ടുകൊടുക്കുന്നില്ലെങ്കില്‍ അതില്‍ കുറെ ഭാഗമെങ്കിലും വിട്ടുകൊടുത്താല്‍ അതും വളരെ നല്ലതാണെന്ന് പറയേണ്ടതില്ല. കടം വീട്ടുവാന്‍ കഴിയാതെ ഞെരുക്കം ബാധിച്ചവര്‍ക്ക് കടംതീര്‍ക്കുവാനുള്ള അവധി നീട്ടിക്കൊടുക്കുക, സംഖ്യ വിട്ടുകൊടുക്കുക മുതലായ ഇളവുകള്‍ പെയ്യുന്നത് സംബന്ധിച്ച് പല ഹദീഥുകളിലും വളരെയധികം ഊന്നിപ്പറഞ്ഞിരിക്കുന്നത് കാണാം. ഉദാഹരണത്തിന് മാത്രം ചിലത് ഉദ്ധരിക്കുന്നു:-

(1) .....അപ്പോള്‍ അബൂക്വത്താദഃ(റ) കരഞ്ഞും കൊണ്ട് ഇങ്ങനെ പറഞ്ഞു: 'ക്വിയാമത്തുനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ, അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ.' എന്ന് റസൂല്‍ (സ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. (അ; മു.) 

(2) നബി(സ) പറയുന്നു: 'വല്ലവനും ഒരു ഞെരുക്കക്കാരന് താമസം ചെയ്തു കൊടുക്കുകയോ, വിട്ടുകൊടുക്കുകയോ ചെയ്യുന്ന പക്ഷം, അല്ലാഹുവിന്‍റെ തണലല്ലാതെ മറ്റു തണലില്ലാത്ത ആ ദിവസം അല്ലാഹു അവന്‍റെ തണലില്‍ അവന് തണല്‍ നല്‍കുന്നതാണ്.' (അ; മു.) 

(3) അബൂസഈദ് (റ) പറയുന്നു: 'നബി(സ) യുടെ കാലത്ത് ഒരാള്‍ വാങ്ങിയിരുന്ന ഫലങ്ങളില്‍ ആപത്ത് ബാധിച്ചു. അങ്ങനെ, അയാളുടെ കടം വര്‍ദ്ധിച്ചു. അപ്പോള്‍ ജനങ്ങളോട് അദ്ദേഹത്തിന് ധര്‍മം നല്‍കുവാന്‍ നബി (സ) പറഞ്ഞു. ജനങ്ങള്‍ ധര്‍മം നല്‍കി. എന്നാലത് അദ്ദേഹത്തിന്‍റെ കടം തീര്‍ക്കുവാന്‍ മതിയായിരുന്നില്ല. അപ്പോള്‍ അദ്ദേഹത്തിന്‍റെ കടമിടപാടുകാരോട് നബി(സ) പറഞ്ഞു: 'നിങ്ങള്‍ക്ക് കിട്ടിയത് നിങ്ങള്‍ എടുത്തുകൊള്ളുവിന്‍. അതല്ലാതെ നിങ്ങള്‍ക്ക് ഒന്നുമില്ല.' (മു.) കടം വീട്ടുവാന്‍ കഴിവില്ലാത്തവരെ എല്ലാവരും സഹായിക്കേതുണ്ടെന്നും, കടം തീര്‍ക്കുവാന്‍ കഴിയുന്നത്ര ശ്രമം നടത്തേതുണ്ടെന്നും, കൊടുത്തു തീര്‍ക്കുവാന്‍ ഒരു മാര്‍ഗവുമില്ലാത്തപ്പോള്‍ ഭരണാധികാരി ഇടപെട്ട് കടാധ്യതയില്‍നിന്ന് കടക്കാരനെ ഒഴിവാക്കണമെന്നും ഇതില്‍ നിന്ന്മനസ്സിലാക്കാം.

കടക്കാരെ സംബന്ധിച്ച് മറ്റൊരു വശം കൂടിയുണ്ട്. ഇക്കാലത്ത് വിശേഷിച്ചും ഈ വശത്തിന് വളരെ പ്രാധാന്യം കല്‍പിക്കേണ്ടിയിരിക്കുന്നു. കടം വാങ്ങിക്കഴിഞ്ഞാല്‍,ഏതെങ്കിലും സൂത്രങ്ങളോ, ന്യായങ്ങളോ, കള്ളത്തെളിവുകളോ ഉപയോഗിച്ചു കടംകൊടുത്തു തീര്‍ക്കാതെ കഴിച്ചുകൂട്ടുവാന്‍ പലരും ശ്രമിക്കാറുണ്ട്. ഇതിനെപ്പറ്റിയും നബി (സ) പല ഹദീഥുകളിലും താക്കീത് ചെയ്തു കാണാം. ഉദാഹരണമായി :

(1) 'ധനികന്‍ (കടം തീര്‍ക്കാതെ) അമാന്തം വരുത്തല്‍ അക്രമമാകുന്നു. നിങ്ങളില്‍ ഒരാളെ ഒരു കഴിവുള്ളവനോടുകൂട്ടി ഏല്‍പിക്കപ്പെട്ടാല്‍ അവന്‍ അവനെ പിന്‍തുടര്‍ന്നുകൊള്ളട്ടെ.' (ബു; മു.) അതായത് യഥാര്‍ത്ഥ കടക്കാരന്‍ തന്‍റെ കടം മറ്റൊരാളെ ഏല്‍പിച്ചു തരുകയും, ഏല്‍പിക്കപ്പെട്ട ആള്‍ കഴിവുള്ള ആളായിരിക്കുകയും ചെയ്താല്‍ ആ ഏല്‍പന സ്വീകരിക്കണമെന്നര്‍ത്ഥം'

(2) 'ആരെങ്കിലും ജനങ്ങളുടെ ധനം, അത് വീട്ടിക്കൊടുക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്(കടം) മേടിച്ചാല്‍ അത് അല്ലാഹു അവന് വീട്ടിക്കൊടുക്കും. ആരെങ്കിലും അത് (കൊടുക്കാതെ) നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് മേടിച്ചാല്‍ അല്ലാഹു അത് നശിപ്പിക്കുന്നതുമാണ്' (ബു.)

(3) 'ജനങ്ങളില്‍ വെച്ച് ഉത്തമന്‍ അവരില്‍വെച്ച് നന്നായി കടം വീട്ടുന്നവനാകുന്നു.' (മു.)

(4) 'ഉള്ളവന്‍ (കടം തീര്‍ക്കാതെ) അമാന്തം വരുത്തുന്നപക്ഷം, അവന്‍റെ മാനത്തെ സ്പര്‍ശിക്കലും (അവനെ) ശിക്ഷിക്കലും അനുവദനീയമാകുന്നു.' (ദാ; ന.) അവനോട് പരുഷമായി സംസാരിക്കുകയും, വേണ്ടിവന്നാല്‍ ബന്ധനത്തിലാക്കുകയും ചെയ്യാമെന്ന്‌ സാരം.

(5) അബൂക്വത്താദഃ (റ) പറയുന്നു: ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, കണ്ടുവോ? (ഇതൊന്നു പറഞ്ഞു തരണം): ഞാന്‍ ക്ഷമയുള്ളവനായും, അല്ലാഹുവിന്‍റെ പ്രതിഫലം ഉദ്ദേശിക്കുന്നവനായും, പിന്‍തിരിയാതെ മുന്നോട്ട് ചെല്ലുന്നവനായും കൊണ്ടിരിക്കെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (യുദ്ധത്തില്‍) വെച്ച് ഞാന്‍ കൊല്ലപ്പെട്ടുവെങ്കില്‍, എന്‍റെ പാപം അല്ലാഹു എനിക്ക് മാപ്പാക്കിതരുമോ?' അപ്പോള്‍ തിരുമേനി 'അതെ' എന്ന് പറഞ്ഞു. എന്നിട്ട് അയാള്‍ തിരിഞ്ഞു പോയപ്പോള്‍, അദ്ദേഹത്തെ വിളിച്ചു ഇങ്ങനെപറഞ്ഞു: 'അതെ, കടം ഒഴികെ. (കടം അല്ലാഹു പൊറുക്കുകയില്ല.) ജിബ്‌രില്‍ എന്നോട് അങ്ങനെ പറഞ്ഞു തന്നിരിക്കുന്നു.' (മു.) 

By അമാനി മൗലവി @ വിശുദ്ധ ഖുർആൻ വിവരണം