അക്ഷര വായനയും ആശയ സംവേദനവും

ചില ഹദീസുകളുടെ കാര്യത്തിൽ നമുക്ക് അക്ഷര വായന ഉപേക്ഷിച്ച് ആശയ വായനയിലേക്ക് പോകേണ്ടി വരും. ഇത് ഒരിക്കലും ഹദീസ് നിഷേധമല്ല. ഹദീസുകളുടെ സത്ത ഉൾക്കൊള്ളലാണ്. ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:-

സ്വഹീഹുൽ ബുഖാരിയിൽ മയ്യിത്തിനെ വെള്ളം കൊണ്ടും എലന്ത മരത്തിന്റെ താളികൾകൊണ്ടും കുളിപ്പിക്കൽ എന്ന ഒരു അധ്യായം തന്നെ കാണാം. നബി (സ) മയ്യിത്തിനെ വെള്ളം കൊണ്ടും താളി കൊണ്ടും കുളിപ്പിക്കാൻ കല്പിച്ച ഹദീസുകൾ ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു.

👆ഇവിടെ നാം അക്ഷര വായന നടത്തി താളികൾ അന്വേഷിച്ചു പോകേണ്ടതില്ല. സോപ്പ് ഉപയോഗിച്ചാലും മതി.

ഇബ്നു ഉമർ (റ) നിവേദനം: നബി (സ) ഫിത്തർ സകാത്ത് നിര്ബന്ധമാക്കിയിട്ടുണ്ട്. ഒരു സ്വാഅ ഈത്തപ്പഴമോ ബർലിയോ വെണ്ണയോ മുന്തിരിയോ ആണ് നൽകേണ്ടത്  (ബുഖാരി മുസ്‌ലിം)

👆ഇവിടെയും അക്ഷര വായന നടത്തി ഫിത്തർ സകാത്ത് നൽകേണ്ടത് ഈത്തപ്പഴവും ബർലിയും വെണ്ണയും മുന്തിരിയുമല്ല, പെരുന്നാൾ ദിവസം ഇവ ഭക്ഷിക്കുന്ന സ്വഭാവം നമുക്കില്ല. നാം ആശയത്തിലേക്ക് മടങ്ങി നബി (സ) യും സ്വഹാബി വര്യന്മാരും നൽകുകയോ നൽകുവാൻ കൽപിക്കുകയോ ചെയ്യാത്ത അരിയാണ് നൽകേണ്ടത്. ഇത് ഹദീസ് നിഷേധമല്ല.

അബു അയ്യൂബ് (റ)നിവേദനം: നബി( സ) അരുളി. നിങ്ങളിൽ വല്ലവനും മലമൂത്ര വിസർജന സ്ഥലത്ത് ചെന്നാൽ ഖിബ്‌ലയെ അഭിമുഖീകരിച്ചോ പുറം തിരിഞ്ഞോ ഇരിക്കരുത്. നിങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുവിൻ (ബുഖാരി മുസ്‌ലിം)

👆നബി (സ) ഇവിടെ കൽപ്പിക്കുന്നത് പടിഞ്ഞാറോട്ട് തിരിയാനാണ്. അക്ഷര വായന നടത്തി പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞാൽ എന്താവും സ്ഥിതി ? മദീനയുടെ തെക്കുഭാഗത്താണ് മക്ക സ്ഥിതി ചെയ്യുന്നത്. അതിനാലാണ് അവരോട് അങ്ങോട്ട് തിരിയാൻ പറഞ്ഞത്.

അനസ് (റ) നിവേദനം: നബി (സ) അരുളി: പള്ളിയിൽ തുപ്പുന്നത് അപരാധമാണ്. അഥവാ തുപ്പിയാൽ പ്രായശ്ചിത്തം അത് പള്ളിയിൽ തന്നെ കുഴിച്ചുമൂടലാണ് (ബുഖാരി മുസ്‌ലിം)

👆നബി (സ)കാലത്ത് പള്ളിയിൽ മണലാണ്. ഇക്കാലത്ത് അബദ്ധത്തിലെങ്ങാനും ആരെങ്കിലും തുപ്പിയാൽ ടൈൽസുകൾ കുത്തിപോളിച്ചു ഉമിനീർ കുഴിച്ചുമൂടുന്നതിലെ പരിഹാസ്യത എത്രമാത്രമാവും ?!

അബഹുറൈറ (റ) നിവേദനം: നബി (സ) അരുളി: നിങ്ങൾ ചികില്സിക്കുന്ന വല്ലതിലും രോഗശമനമുണ്ടെങ്കിൽ അതു കൊമ്പ് വെക്കുന്നതിൽ മാത്രമാണ് ( ഇബ്നുമാജ അഹമ്മദ്)

👆ഇത് പ്രവാചക കാലത്തെ ഒരു ചികിത്സ രീതി മാത്രമാണ്. അക്ഷര വായന നടത്തി ആശുപത്രിക്കും അവിടത്തെ ശസ്ത്രക്രിയക്കും പകരം കൊമ്പ് വെക്കൽ നടത്തി രോഗശമനം നേടാം എന്ന് പറയുന്നത് അജ്ഞതയാണ്.          ഹദീസിന്റെ ആശയത്തിലേക്ക് മടങ്ങികൊണ്ടു ഇക്കാലത്തെ ഏറ്റവും ഫലപ്രദമായ ചികിത്സരീതി സ്വീകരിക്കാം.

ബുഖാരിയിൽ "കുളിക്കുമ്പോൾ കൈ കൂടുതൽ വൃത്തിയാകാൻ വേണ്ടി മണ്ണിൽ ഉരസൽ" എന്ന ഒരു അധ്യായം കാണാം. നബി( സ) ജനാബത് കുളി നിര്വഹിക്കുമ്പോൾ മണ്ണിൽ ഉരസാറുണ്ടെന്നു ഉദ്ധരിക്കുന്നു.

👆ഇവിടെ അക്ഷര വായന നടത്തി ബാത്റൂമിൽ മണ്ണു കൊണ്ടുപോയി സൂക്ഷിച്ചു വെക്കേണ്ടതുണ്ടോ ? സോപ്പ് പോലുള്ളവയാണ് വേണ്ടത്.

ബുഖാരിയിൽ ഇങ്ങനെയൊരു അധ്യായമുണ്ട് - "മലമൂത്രം വൃത്തിയാക്കുവാൻ വെള്ളത്തിന്റെ കൂടെ വടി വഹിക്കൽ" എന്നാണ് അധ്യായത്തിന്റെ പേര്. നബി (സ) മലമൂത്ര വിസർജനത്തിന് പോകുമ്പോൾ വെള്ളവും ഒരു വടിയും കൊണ്ടുപോകാറുണ്ടെന്നു പറയുന്നു.

👆ഇവിടെ നബി (സ) പോയിരുന്നത് വെളിപ്രദേശത്തായിരുന്നു .നവീന രീതിയിലുള്ള കക്കൂസിലേക്ക് പോകുമ്പോൾ നാമെന്തിന് വടി പിടിക്കണം?

By അബ്ദുസ്സലാം സുല്ലമി @ ഹദീസുകൾ പ്രാമാണികതയും വിമർശനങ്ങളും