വിവേകം നഷ്ടപ്പെടുമ്പോൾ

"പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ ( അവയില്‍ നിന്ന്‌ ) വിരമിക്കുവാനൊരുക്കമുണ്ടോ?"

[അദ്ധ്യായം 5 മാഇദ 91]

ബുദ്ധിയും വിവേകവുമാണ് ഇതര ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്‌. എന്നാൽ  ലഹരി ഉപയോഗിക്കുന്ന മനുഷ്യന് തന്റെ സ്വബോധം നഷ്ടപ്പെടുകയും അവൻ മൃഗതുല്യനായി പെരുമാറുകയും ചെയ്യുന്നു. വിവേകവും വിവേചനബോധവും നഷ്ടപ്പെട്ടാൽ എന്ത്‌ നീച പ്രവർത്തനവും ചെയ്യാനും അവനു മടിയുണ്ടാവില്ല. അതുകൊണ്ടാണ് 'മദ്യം തിന്മകളുടെ മാതാവാണെന്ന്' മുഹമ്മദ്‌ നബി (സ) വിശേഷിപ്പിച്ചത്‌.

മദ്യം, ചൂതാട്ടം, പ്രതിഷ്ഠകൾ, പ്രശ്നക്കോലുകൾ തുടങ്ങിയവ പൈശാചികമായ മ്ലേച്ഛവൃത്തികളാണെന്നും വിജയികളാവണമെങ്കിൽ അവ ഒഴിവാക്കണമെന്നും ഖുർആൻ (5:90) ആവശ്യപ്പെടുന്നു. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണെന്നും മദ്യമെല്ലാം നിഷിദ്ധമാണെന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്‌. ലഹരിക്കടിമപ്പെട്ടവർ ചെയ്യുന്ന പൈശാചിക വൃത്തികൾ ഏറെയാണ്. സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും കൊലപ്പെടുത്തുകപോലും ചെയ്യാൻ പിശാച്‌ അവരെ പ്രേരിപ്പിക്കുന്നു. നന്മയുടെ വഴിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. അക്രമങ്ങളും അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നു.

മദ്യം മാത്രമല്ല പല പേരുകളിൽ അറിയപ്പെടുന്ന എല്ലാ ലഹരി പദാർഥങ്ങളും വിലക്കപെട്ടവയാണ്. മറ്റുള്ളവരെ വ്യാമോഹിപ്പിച്ചും വഞ്ചിച്ചും നടത്തപ്പെടുന്ന ചൂതാട്ടവും മദ്യത്തെപ്പോലെത്തന്നെ സാമൂഹ്യ വിപത്താണ്. ലഹരിയുടെ കരാള ഹസ്തത്തിലമർന്ന പുരാതന അറബി സമൂഹത്തെ നാല് ഘട്ടങ്ങളിലായി ശക്തമായ ബോധവൽക്കരണത്തിലൂടെ നബി (സ) മോചിപ്പിക്കുകയുണ്ടായി. അതിലെ അവസാന ഘട്ടമാണീ വചനം.

മദ്യം, ലഹരി പദാർഥങ്ങൾ എന്നിവ വാങ്ങുക, വിൽക്കുക, നിർമ്മിക്കുക, കൊണ്ടുപോവുക, കുടിക്കുക തുടങ്ങിയ ഏത്‌ പ്രവർത്തനങ്ങളും വിരോധിക്കപ്പെട്ടവയാണെന്ന് നബി (സ) പറയുന്നു (അഹമ്മദ്‌). മദ്യപാനികൾക്ക്‌ നാൽപത്‌ മുതൽ എൺപത്‌ വരെ അടി ശിക്ഷയായി ഖലീഫമാർ നൽകിയിരുന്നു എന്നും ചരിത്രത്തിൽ കാണാവുന്നതാണ്. മദ്യപാനം രോഗമാണെന്നും രോഗശമനം അവയിലില്ലെന്നും നബി (സ) പറഞ്ഞിട്ടുണ്ട്‌. അതിനാൽ പിശാചിന്റെ കെണിയിൽ പെടാതെ സൂക്ഷിക്കേണ്ടതുണ്ട്‌.

By പി. അബ്ദു സലഫി @ പുടവ 2019 ജനുവരി