നന്മയും തിന്മയും ഉണ്ടാവുന്നത്‌

അല്ലാഹു ഖൈറിന് മാത്രമേ പ്രോത്സാഹനം നല്‍കൂ. തിന്മകള്‍ക്ക് അല്ലാഹു ഒരിക്കലും പ്രോത്സാഹനം നല്‍കുന്നതുമല്ല. അല്ലാഹു പറയുന്നു:

”നന്മയായിട്ട് താങ്കള്‍ക്ക് എന്തൊന്ന് വന്നു കിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. താങ്കളെ ബാധിക്കുന്ന ഏതൊരു തിന്മയും താങ്കളുടെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതുമാണ്” (നിസാഅ് 79).

അപ്പോള്‍ തിന്മകളുടെ ഉത്തരവാദിത്വം അല്ലാഹുവിനല്ല, മറിച്ച് മനുഷ്യര്‍ക്കു തന്നെയാണ് എന്ന് വ്യക്തമായി. ഒരു വചനത്തിലൂടെ മാത്രമല്ല അല്ലാഹു ഇപ്രകാരം ഉണര്‍ത്തുന്നത്. അത് ശ്രദ്ധിക്കുക:

”അല്ല; പക്ഷെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അവരുടെ മനസ്സുകളില്‍ കറയുണ്ടാക്കിയിരിക്കുന്നു” (മുത്വഫ്ഫിഫീന്‍ 14).

അല്ലാഹു പറയുന്നു: ”അവരുടെ സത്യനിഷേധം കാരണം അല്ലാഹു അവരുടെ മനസ്സുകളില്‍ മുദ്ര കുത്തിയിരിക്കുന്നു” (നിസാഅ് 155).

"അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വയം ശരീരത്തോടുതന്നെ ദ്രോഹം ചെയ്യുകയായിരുന്നു” (ആലുഇംറാന്‍ 117).

”അവര്‍ തെറ്റിയപ്പോള്‍ (സത്യത്തില്‍ നിന്നും) അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞു.” (സ്വഫ്ഫ് 5)

മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നത് തെറ്റുകുറ്റങ്ങളുടെ ഉത്തരവാദിത്വം മനുഷ്യര്‍ക്കു തന്നെയാണ് എന്നതാണ്. കൃത്യമായും ശരി മനസ്സിലാക്കിയിട്ട് തെറ്റുകള്‍ മനപ്പൂര്‍വം ചെയ്യുന്നവരെ അല്ലാഹു അവരുടെ വഴിക്ക് വിടും. അവരെ നന്നാക്കിത്തീര്‍ക്കാനുള്ള ഒരു ശ്രമവും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതല്ല. അതാണ് മേല്‍ പരാമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യം. അതാണ് അല്ലാഹു വഴി പിഴപ്പിക്കും എന്നതിന്റെ വിവക്ഷയും.

ഇനി നന്മയും തിന്മയും ചെയ്യിപ്പിക്കുന്നത് അല്ലാഹുവാണ് എന്ന് ജഹാലത്ത് പറയുന്നവരുടെ ഏക ന്യായവാദം ഈമാന്‍ കാര്യത്തില്‍ പെട്ട ‘നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്ന വിശ്വാസം’ എന്നതാണ്. അതിന്റെ താല്‍പര്യം അല്ലാഹുവാണ് നന്മയും തിന്മയും ചെയ്യിപ്പിക്കുന്നത് എന്നാണോ? ഒരിക്കലുമല്ല. നന്മയും തിന്മയും അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്നു പറഞ്ഞാല്‍ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതും നടന്നുകഴിഞ്ഞതും നടക്കാന്‍ പോകുന്നതുമായ സകല കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിന് മുന്നറിവുണ്ട്.

മേല്‍പറഞ്ഞ സകല കാര്യങ്ങളും അവന്‍ ‘ലൗഹുല്‍ മഹ്ഫൂള്’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് (അന്‍ആം 59) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. താഴെ വരുന്ന വചനം അതിനുദാഹരണമാണ്: ”നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ അറിയുന്നു”(മുഹമ്മദ് 30). എന്നാല്‍ സിഹ്‌റും ശിര്‍ക്കും കുഫ്‌റും ഹറാമുമെല്ലാം മനുഷ്യന്‍ ചെയ്യുന്നത് അല്ലാഹുവിന്റെ അനുമതിപ്രകാരം അവന്റെ ഇംഗിതത്തോടുകൂടിയാണെന്ന വാദം അഹ്‌ലുസ്സുന്നയില്‍ നിന്നും വഴിപിഴച്ചുപോയ ‘ജബ്‌രിയ്യത്ത്’ എന്നു പറയുന്നവരുടേതാണ്. സഅദുദ്ദീനു അത്തഫ്താസാനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”അല്ലാഹുവിന്റെ അടിമകള്‍ക്ക് (തെറ്റും ശരിയും) സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചാല്‍ പ്രതിഫലം ലഭിക്കും. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടും. ജബ്‌രിയ്യാക്കള്‍ വാദിക്കുന്നതുപോലെ (തെറ്റും ശരിയും ചെയ്യിക്കുന്നത് അല്ലാഹുവാണ്) യല്ല.  അവരുടെ വാദം മനുഷ്യര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല എന്നാണ്.”(ശറഹുല്‍ അഖാഇദ:, പേജ് 155).

ഇതേ വാദം തന്നെയാണ് മുശ്‌രിക്കുകളുടേതും. അല്ലാഹു അരുളി: ”ആ ബഹുദൈവ വിശ്വാസികള്‍ പറയും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ശിര്‍ക്കു ചെയ്യുമായിരുന്നില്ല”(അന്‍ആം 148). ശിര്‍ക്കാണല്ലോ ഏറ്റവും വലിയ പാപം. സിഹ്‌റും ശിര്‍ക്കിനാല്‍ ഊട്ടപ്പെട്ട അല്ലാഹുവിനാല്‍ ശപിക്കപ്പെട്ട ഒരു മഹാപാപമാണത്.  അത് ചെയ്യുന്നവര്‍ മാത്രമല്ല, അതിന് പിന്തുണ കൊടുക്കുന്നവരും, അത് ഫലിപ്പിക്കുന്നവരും ശിര്‍ക്കിന് ഫലമുണ്ടെന്നു വാദിക്കുന്നവരും മുശ്‌രിക്കുകളെപ്പോലെത്തന്നെ അല്ലാഹുവിനോട് അവന്റെ കോടതിയില്‍ മറുപടി പറയേണ്ടി വരും.

By പി കെ മൊയ്തീന്‍ സുല്ലമി
© Shabab Weekly