മലക്കുകളുടെ പ്രാർഥന

സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌ വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു:

رَبَّنَا وَسِعْتَ كُلَّ شَىْءٍۢ رَّحْمَةًۭ وَعِلْمًۭا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ,رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ

"ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും."  [അദ്ധ്യായം 40 ഗാഫിർ 7,8]

അർശിന്റെ വാഹകന്മാരായ മലക്കുകൾ, മലക്കുകളിൽവെച്ച് ഉയർന്ന പദവിയുള്ളവരാണെന്ന് പൊതുവിൽ അറിയപ്പെട്ടിട്ടുള്ളതാണ്. അവരും അർശിന്റെ ചുറ്റുപാടിലുള്ള മലക്കുകളും അല്ലാഹുവിന് നിത്യേന സ്തോത്രകീർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നുവെന്നും, അവർ സത്യവിശ്വാസികളുടെ പാപമോചനത്തിനും, ഗുണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും  അല്ലാഹു പ്രസ്താവിക്കുന്നു.

മലക്കുകൾ സത്യവിശ്വാസികൾക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ആ ദീർഘമായ പ്രാർത്ഥനയിലെ വാക്യങ്ങൾ മനസ്സിരുത്തി ആലോചിച്ചു നോക്കുക ! സത്യവിശ്വാസികളെയും, അവരുടെ കുടുംബങ്ങളെയും, സ്വർഗത്തിൽ ഒന്നിച്ചു ചേർക്കുന്നതുവരെയുള്ള പല കാര്യങ്ങൾക്കും വേണ്ടി അവർ പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളുടെ ഗുണത്തിലും നന്മയിലും അവർക്കുള്ള ആത്മാർത്ഥമായ താല്പര്യത്തെയാണത് കുറിക്കുന്നത്. എന്നാൽ, ഒരു സംഗതി ഇവിടെ പ്രത്യേകം  ശ്രദ്ധേയമാകുന്നു. സത്യവിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും എന്നു പറയാതെ, കുടുംബങ്ങളിൽ നന്നായിത്തീർന്നവരെയും (ومن صلح) എന്നാണ് പറയുന്നത്. ഓരോരുത്തരും ചെയ്യുന്ന കർമങ്ങൾക്കു അവനവൻ തന്നെയാണ് ഉത്തരവാദി എന്നും, ഒരാളുടെ നന്മ കൊണ്ട് മറ്റൊരാൾക്ക് മോക്ഷം ലഭിക്കുകയില്ലെന്നുമുള്ളതാണ് അതിനു കാരണം. ഇത് ക്വുർആൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഒരു മൗലിക തത്വമാണല്ലോ. അപ്പോൾ സ്വന്തം നന്മകൊണ്ടുതന്നെ സ്വർഗത്തിൽ പ്രവേശിക്കുവാൻ ഭാഗ്യമുണ്ടാകുന്ന കുടുംബാംഗങ്ങളെ സംബന്ധിച്ചാണ് -അഥവാ സ്വർഗ പ്രവേശനത്തിന് അർഹരല്ലാത്ത അംഗങ്ങളെ സത്യവിശ്വാസികളോടൊപ്പം സ്വർഗസ്ഥരാക്കണമെന്നല്ല - ഈ പ്രാർത്ഥനകൊണ്ടുദ്ദേശ്യം. കുടുംബങ്ങൾ പരസ്പരം സന്തോഷത്തിലും, നിത്യസമ്പർക്കത്തിലും കഴിഞ്ഞു കൂടുവാനുള്ള സാഹചര്യം അവർക്ക് സ്വർഗത്തിലും ഉണ്ടാക്കിക്കൊടുക്കണമെന്നായിരിക്കും അതിന്റെ താൽപര്യം. പക്ഷേ, അംഗങ്ങൾ തമ്മിലുണ്ടായേക്കാവുന്ന സ്ഥാന പദവികളുടെ ഏറ്റക്കുറവുകൾ അതിനു തടസ്സമാകാതിരിക്കത്തക്കവണ്ണം, താഴേക്കിടയിലുള്ളവരെ മേലെക്കിടയിലുള്ളവരുടെ പദവിയിലേക്ക് അല്ലാഹു- അവന്റെ ഔദാര്യംകൊണ്ട് -ഉയർത്തികൊടുത്തേക്കാം. الله أعلم

അല്ലാഹു പറയുന്നു: "വിശ്വസിക്കുകയും, സത്യവിശ്വാസത്തോടെ (തങ്ങളുടെ സന്താനങ്ങൾ തങ്ങളെ പിന്തുടരുകയും ചെയ്തിട്ടുള്ളവർക്ക്‌ അവരുടെ സന്താനങ്ങളെ നാം അവരോട് ചേർത്തുകൊടുക്കുന്നതാണ്. അവരുടെ കർമങ്ങളിൽ നിന്ന് യാതൊന്നും തന്നെ നാം അവർക്ക് കുറവ് വരുത്തുന്നതുമല്ല. എല്ലാ മനുഷ്യനും അവനവൻ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു." (സൂ: ത്വൂർ 21)

അല്ലാഹു നമ്മെയും, നമ്മുടെ മാതാപിതാക്കൾ, സന്താനങ്ങൾ, ഭാര്യാഭർത്താക്കൾ മുതലായവരെയും സ്വർഗത്തിൽ ഒരുമിച്ചു ചേരുന്ന സൽഭാഗ്യവാന്മാരിൽ ഉൾപ്പെടുത്തട്ടെ.. ആമീൻ.

By അമാനി മൗലവി
© വിശുദ്ധ ഖുർആൻ വിവരണം