സത്യസന്ധരിൽ ഉൾപ്പെടുക

"അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം."

[അദ്ധ്യായം 5 മാ ഇദ 119]

ഇസ്‌ലാം മാനവകുലത്തിൽ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു പ്രധാന മൂല്യമാണ് സത്യസന്ധത. വാക്കുകളും പ്രവർത്തികളും നല്ലതാവണം. കളവ്‌, വഞ്ചന തുടങ്ങിയ പൈശാചിക വൃത്തികൾ വിശ്വാസികൾക്ക്‌ ചേർന്നതല്ല.

ഈ ലോകത്ത്‌ സത്യസന്ധത പുലർത്തുന്നതിലൂടെ ചിലപ്പോൾ കുറെ നഷ്ടങ്ങൾ സംഭവിക്കാം. ജീവനും സ്വത്തിനും ഭീഷണി നേരിടാം. ലാഭം കുറഞ്ഞ്‌ പോകാം. എന്നാൽ ഇവിടത്തെ ജീവിതം ക്ഷണികമാണല്ലോ. അനന്തമായ പരലോക ജീവിതത്തിലെ വിജയമാണ് പ്രധാനം. അവിടെ ഉപകാരപ്പെടുന്ന ഏറ്റവും മികച്ച കാര്യം നമ്മുടെ ഈ ലോകത്തെ സത്യസന്ധത തന്നെയാണ്.

'അക്രമിയായ രാജാവിന്റെ മുന്നിലും സത്യം തുറന്ന് പറയലാണ് ഏറ്റവും വലിയ ജിഹാദ്‌' എന്ന് നബി (സ) പഠിപ്പിക്കുന്നു. 'നീ സത്യം പറയുക. അത്‌ കൈപ്പേറിയതാണെങ്കിലും' എന്നും പ്രവാചകൻ (സ)യുടെ അധ്യാപനങ്ങളിൽ കാണാം.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.  എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും." [അദ്ധ്യായം 33 അഹ്സാബ്‌ 70,71]. നമ്മുടെ പ്രവൃത്തികൾ നല്ലതാവാനും പാപങ്ങൾ പൊറുക്കപ്പെടാനും സത്യസന്ധത ഇടയാക്കുമെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു നമ്മെ ഉണർത്തുന്നു.

സത്യസന്ധരുടെ കൂടെയാണ് വിശ്വാസികൾ ഉണ്ടാവേണ്ടത്‌ എന്നും അല്ലാഹു ഉണർത്തുന്നുണ്ട്‌ : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക." [അദ്ധ്യായം 9 തൗബ 119].

ഇഹലോകത്ത്‌ സത്യസന്ധത മൂലം ചില നഷ്ടങ്ങൾ വന്നാലും പരലോകത്ത്‌ അത്‌ വലിയ മുതൽക്കൂട്ടായിരിക്കും. അതിന്റെ പ്രതിഫലമായി കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന അരുവികളും തോട്ടങ്ങളും അല്ലാഹു ഒരുക്കിവെച്ചിട്ടുമുണ്ട്‌. അതിന്റെ ഭംഗിയോ മേന്മയോ നഷ്ടപ്പെടുന്നതല്ല. അവരാകട്ടെ എക്കാലത്തും അനുഭവിക്കാൻ കഴിയുന്നവരുമാകും.

ഇതിനെല്ലാം പുറമെ അല്ലാഹുവിന്റെ പ്രത്യേക പ്രീതി ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഒരു വിശാസിക്ക്‌ അല്ലാഹുവിന്റെ സംപ്രീതി നേടാനായാൽ അതിനേക്കാൾ വലിയ എന്ത്‌ നേട്ടമാണുള്ളത്‌?!

By പി അബ്ദു സലഫി
© പുടവ മാസിക