ദൈവത്തിന്റെ ഇച്ഛ

മനുഷ്യന് സ്വയം ഇച്ഛിക്കാനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടോ? പണ്ട് മുതല്‍ ഇപ്പോഴും മുസ്‌ലിം മനസ്സുകളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നമാണ് പ്രശസ്ത പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ സയ്യിദ് അബ്ദുല്ലത്തീഫ് ഇംഗ്ലീഷില്‍ എഴുതിയ The mind – Al Qur’an Builds എന്ന ഗ്രന്ഥത്തിലെ The will of God (ദൈവത്തിന്റെ ഇച്ഛ) എന്ന  അധ്യായത്തിലെ ചര്‍ച്ചാവിഷയം.

എല്ലാം ദൈവം നേരത്തെ തന്നെ തീരുമാനിച്ചു വെച്ചിരിക്കുന്നു, അതുകൊണ്ട് മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ഇല്ല എന്ന ‘മധ്യകാല ഉലമാക്കളുടെ വീക്ഷണം പൊതുവെ മുസ്‌ലിം മനസ്സുകളില്‍ രൂഢമൂലമായിപ്പോയതാണ്, ഇസ്‌ലാമിനും ഖുര്‍ആനിനുമെതിരെ അതിന്റെ ശത്രുക്കള്‍ ഈ വിഷയത്തില്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ കാരണം. ഇസ്‌ലാമില്‍ മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമില്ല; ഇസ്‌ലാമിലെ ദൈവം തന്റെ മുന്‍ തീരുമാനങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്പിക്കുന്ന ക്രൂരനും ഭീകരനുമായ ഒരു സ്വേച്ഛാധിപതിയാണ് എന്നൊക്കെയാണ് അവര്‍ ആക്ഷേപിക്കുന്നത്. അന്ധമായ ‘വിധി വിശ്വാസ’ സിദ്ധാന്തം പ്രചരിപ്പിച്ച ഉലമാക്കള്‍ക്കും, അതിന്റെ പേരില്‍ ഇസ്‌ലാമിനെ ഭത്സിക്കുന്ന ഓറിയന്റലിസ്റ്റുകളടക്കമുള്ള വിമര്‍ശകര്‍ക്കും, ‘ദൈവ വിധി’യെക്കുറിച്ച് ഖുര്‍ആനില്‍ വന്ന ആയത്തുകളെ അവയുടെ യഥാര്‍ഥ അര്‍ഥത്തിലും വിവക്ഷയിലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സയ്യിദ് അബ്ദുല്ലത്തീഫ് വ്യക്തമാക്കുന്നു. ഈ വിഷയത്തിലുള്ള യഥാര്‍ഥ നിലപാട് അദ്ദേഹം വിശദീകരിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെ:

”പ്രപഞ്ചത്തിലും പ്രകൃതിയിലും മനുഷ്യരടക്കമുള്ള ദൈവ സൃഷ്ടികളിലും പ്രവര്‍ത്തിക്കുന്ന ചില ‘ദൈവിക നിയമങ്ങളു’ണ്ട്. ഖുര്‍ആന്‍ നിയമ വ്യവസ്ഥിതിയെ സുന്നത്തുല്ലാഹ്, ഫിത്വ്‌റത്തുല്ലാഹ്, ഖല്‍ഖുല്ലാഹ് എന്നൊക്കെ നാമകരണം ചെയ്തിരിക്കുന്നു. ദൈവം നിശ്ചയിച്ച് നടപ്പാക്കുന്ന ഈ പ്രപഞ്ച നിയമങ്ങളും പ്രകൃതി നിയമങ്ങളുമാണ്, യഥാര്‍ഥത്തില്‍, ‘തഖ്ദീര്‍’, അഥവാ ‘ദൈവവിധി’. ഈ ദൈവ വിധിയെ മാറ്റാനോ ഇല്ലാതാക്കാനോ മനുഷ്യന് സാധ്യമല്ല. എന്നാല്‍ അതിനോടുള്ള പ്രതികരണത്തില്‍ മനുഷ്യന്, ഒരു വലിയ അളവോളം ഇച്ഛാസ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ട്. ദൈവ നിശ്ചിതമായ പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കുകയും അതിന് അനുസൃതമായി സ്വജീവിതം രൂപപ്പെടുത്തുകയും ചെയ്താല്‍ മനുഷ്യന് വിജയവും സൗഭാഗ്യവും പ്രാപിക്കാന്‍ കഴിയും. മറിച്ച്, ആ നിയമങ്ങള്‍ ബോധപൂര്‍വം ലംഘിച്ചുകൊണ്ട് അതിന് അനുയോജ്യമല്ലാത്ത കര്‍മങ്ങള്‍ ചെയ്യുന്ന മനുഷ്യന്‍ പരാജിതനും നിര്‍ഭാഗ്യവാനുമായിത്തീരും. ഇത് തഖ്ദീറിന്റെ ഭാഗം തന്നെയാണ്.

ഭൗതിക ജീവിത മണ്ഡലങ്ങളില്‍ മാത്രമല്ല, ആത്മീയ – ധാര്‍മിക മണ്ഡലത്തിലും ദൈവം നിശ്ചയിച്ച നിയമങ്ങളുണ്ടല്ലോ. അവ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ വിജയവും അവ ലംഘിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്ക് പരാജയവുമുണ്ടാകും. ഒന്നാമത്തെ അവസ്ഥ ‘സ്വര്‍ഗ’വും രണ്ടാമത്തതേ് ‘നരക’വുമാണ്. അതുകൊണ്ട് മനുഷ്യന്‍ തന്നെയാണ് തന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് എന്ന് വ്യക്തമാകുന്നു. അങ്ങനെ ചെയ്യാനുള്ള ഇച്ഛാശക്തിയും സ്വാതന്ത്ര്യവും അവന് ദൈവം പ്രദാനം ചെയ്തിട്ടുണ്ട്. അതും ‘തഖ്ദീര്‍’ തന്നെയാണ്.

എന്നാല്‍ മനുഷ്യന് നിയന്ത്രണമില്ലാത്ത മറ്റൊരു മണ്ഡലവുമുണ്ട്. ജീവിതത്തില്‍ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളുമാണ് അത്. എന്നാല്‍, ആ വിപത്തുകളോടുള്ള പ്രതികരണത്തില്‍ അവന് ഒരു പരിധി വരെ, ഇച്ഛാസ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുണ്ട്. തന്റെ സ്വന്തം പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും കാരണമായാണ് അത്തരം ആപത്തുകള്‍ സംഭവിക്കുന്നതെങ്കില്‍, അത് മനസ്സിലാക്കി സ്വയം തിരുത്തിയാല്‍, അതിന്റെ ഭവിഷ്യത്തുകള്‍ കുറേയൊക്കെ ഇല്ലാതാക്കാന്‍ അവന് കഴിയും. ഇനി, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ദുരിതങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ ആ തിന്മകള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ അവന്‍ ശ്രമിക്കണം. അങ്ങനെ ചെയ്താല്‍ കുറെയൊക്കെ താനകപ്പെട്ട ദുരിതങ്ങളില്‍ നിന്ന് മോചിതനാകാന്‍ അവന് കഴിയും."

✍ ഡോ : ഇ കെ അഹമ്മദ്‌ കുട്ടി
📖 ശബാബ്‌ വാരിക