അദ്ധ്യായം 4 നിസാഅ്‌ (സ്ത്രീകൾ)

അദ്ധ്യായം 4 നിസാഅ്‌ (സ്ത്രീകൾ)

മദീനായില്‍ അവതരിച്ചത് - വചനങ്ങള്‍ 176 - വിഭാഗം (റുകൂഉ്) 24
വിവിധ തുറകളിലായി വളരെയധികം വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു സൂറത്താണിത്. അനന്തരാവകാശ നിയമങ്ങള്‍ പോലെയുള്ള ചില വിഷയങ്ങള്‍ ഈ സൂറത്തിന്‍റെ സവിശേഷതയാകുന്നു. ഒന്നാമത്തെ വചനത്തില്‍ തന്നെ സ്ത്രീകളെപ്പറ്റി പരാമര്‍ശമുള്ളതിനു പുറമെ, അവരെ സംബന്ധിച്ച പല കാര്യങ്ങളും ഇതില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ സൂറത്തിന് 'അന്നിസാഉ്' (സ്ത്രീകള്‍) എന്നു പറയപ്പെടുന്നു. 

 'സൂറത്തുന്നിസാഇലെ അഞ്ചു ആയത്തുകള്‍ ഇഹലോകം മുഴുവനെക്കാളും എനിക്ക് ഇഷ്ടപ്പെട്ടതാണ്' എന്നു പറഞ്ഞു കൊണ്ട് ഇബ്‌നുമസ്ഊദ്(റ) താഴെ കാണുന്ന വചനങ്ങളെ എണ്ണിയതായി ഇബ്‌നുജരീര്‍ (റ) ഉദ്ധരിക്കുന്നു. അതായത്: 

(1) മഹാപാപങ്ങളെ ഉപേക്ഷിക്കുന്ന പക്ഷം മറ്റു തിന്മകള്‍ക്ക് അല്ലാഹു മാപ്പു നല്‍കുമെന്നു കാണിക്കുന്ന 31-ാം വചനവും, 

(2) അല്ലാഹു അണുവോളം അനീതി ചെയ്കയില്ലെന്നും, ഓരോ നന്മയെയും അവന്‍ ഇരട്ടിപ്പിച്ചു വലുതാക്കുമെന്നും കാണിക്കുന്ന 40-ാം വചനവും. 

(3, 4) ശിര്‍ക്കല്ലാത്ത പാപങ്ങളെല്ലാം അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുമെന്നു പ്രസ്താവിക്കുന്ന 48 ഉം 116 ഉം വചനങ്ങളും, 

(5) വല്ല തിന്മയോ, സ്വന്തം ദേഹങ്ങളോട് അക്രമമോ ചെയ്യുന്നവര്‍ പാപമോചനം തേടിയാല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുമെന്നു കാണിക്കുന്ന 110-ാം വചനവും, ഹാകിം(റ) ഉദ്ധരിച്ച രിവായത്തില്‍ ഈ അവസാനത്തെ വചനത്തിന്‍റെ സ്ഥാനത്ത് 64-ാം വചനമാണുള്ളത്. 

കൂടാതെ, 'സൂറത്തുന്നിസാഇലെ എട്ട് ആയത്തുകള്‍ ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഇഹലോകത്തെക്കാള്‍ ഉത്തമമാണ്' എന്ന അര്‍ത്ഥത്തില്‍ ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്നു മറ്റൊരു രിവായത്തും ഇബ്‌നുജരീര്‍(റ) ഉദ്ധരിച്ചിരിക്കുന്നു. മേല്‍കണ്ട അഞ്ചു വചനങ്ങള്‍ക്ക് പുറമെ, 26, 27, 28 എന്നീ വചനങ്ങളും കൂടിയാണ് അതില്‍ അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. ആ വചനങ്ങളെല്ലാം തന്നെ അല്ലാഹുവിന്‍റെ അതിമഹത്തായ അനുഗ്രഹത്തെയും അളവറ്റ കാരുണ്യത്തെയും കുറിക്കുന്നവയാകുന്നു. അവ മനുഷ്യര്‍ക്ക് വമ്പിച്ച സല്‍പ്രതീക്ഷയും ആവേശവും ജനിപ്പിക്കുന്നവയുമാണ്. ഇതാണീ പ്രസ്താവനകള്‍ക്ക് കാരണം.

© വിശുദ്ധ ഖുർആൻ വിവരണം / അമാനി മൗലവി