അല്ലാഹു അല്ലാത്തവർക്ക്‌ വേണ്ടി അറുക്കപ്പെട്ടത്‌

അല്ലാഹു അല്ലാത്തവര്‍ക്ക്‌ വേണ്ടി അറുക്കപ്പെട്ട ഭക്ഷണം

അല്ലാഹു പറയുന്നു : "ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച്‌ ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു."* (Surah No:5 Al-Maaida 3)

"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല." (Surah No:2 Al-Baqara 173)


"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന്‌ ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട്‌ തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. "(Surah No:16 An-Nahl 115)

👆അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും - അത് വിഗ്രഹങ്ങളോ മഹാന്‍മാരോ പിശാചുക്കളോ ആരുതന്നെ ആയാലും ശരി- നാമത്തിലോ, അവരുടെ പ്രീതിക്കു വേണ്ടിയോ അറുക്കപ്പെട്ടത് എന്നാണിത്‌കൊണ്ട് വിവക്ഷ. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചയോ വഴിപാടോ ആയി അറുക്കപ്പെട്ടതും, യാഗം, ബലി മുതലായവക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളില്‍ വെച്ച് അറുക്കപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്. 

ഇബ്‌നു ജരീര്‍ (റ)ന്റെ പ്രസ്താവനയില്‍ നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും: അറുക്കുമ്പോള്‍ ആരുടെ പേര് പറഞ്ഞുവെന്നല്ല നോക്കേണ്ടത് . ആര്‍ക്ക് വേണ്ടിയാണ് -  അഥവാ ആരുടെ പേരിലോ പ്രീതിക്കോ വേണ്ടിയാണ്-അറുക്കപ്പെടുന്നത് എന്നാണ് നോക്കേണ്ടത്. അല്ലാഹു അല്ലാത്ത ആരുടെ പേരിലോ ആരുടെ പ്രീതിക്കോ ആര്‍ക്ക് നേര്‍ച്ച വഴിപാടായോ അറുക്കപ്പെട്ടാലും, അതെല്ലാം ഈ വാക്കില്‍ ഉള്‍പ്പെടുന്നതും ഭക്ഷിക്കുവാന്‍ പാടില്ലാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവരില്‍ വിഗ്രഹങ്ങളും, മഹാന്‍മാരും, ദേവീദേവന്‍മാരും, വിശിഷ്ടന്‍മാരും, നികൃഷ്ടന്‍മാരും എന്നിങ്ങിനെയുള്ള വ്യത്യാസമില്ലാതെ എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്നതാണ്. അലി (റ)യില്‍ നിന്ന് മുസ്‌ലിം (റ) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ولعن الله من ذبح لغير الله (അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെയും അല്ലാഹു ശപിച്ചിരിക്കുന്നു) എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവീ (റ) ഇപ്രകാരം പ്രസ്താവിച്ചത് കാണാം. അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക എന്നത് കൊണ്ടുദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കുക എന്നാകുന്നു. അതായത്, വിഗ്രഹത്തിനോ, കുരിശിനോ, മൂസാ(അ)ക്കോ, ഈസാ(അ)ക്കോ, മുഹമ്മദ്‌ നബി (സ)ക്കോ, കഅ്ബഃ മുതലായതിനോ വേണ്ടി അറുക്കുന്നതുപോലെ. ഇതെല്ലാം 'ഹറാമാ'കുന്നു. ഈ അറുക്കപ്പെട്ടത് (ഭക്ഷിക്കല്‍) അനുവദനീയവുമല്ല. അറുത്തവന്‍ മുസ്‌ലിമോ, ക്രിസ്ത്യാനിയോ, യഹൂദിയോ ആയിക്കൊള്ളട്ടെ. ശാഫിഈ(റ) അത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. നമ്മുടെ ആള്‍ക്കാര്‍ (പണ്ഡിതന്‍മാര്‍) അതില്‍ യോജിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഏതൊന്നിനായി അറുക്കപ്പെട്ടുവോ അതിനെ ബഹുമാനിക്കലും ആരാധിക്കലും കൂടി അതോടൊപ്പം കരുതിയിട്ടുണ്ടെങ്കില്‍ അത് കുഫ്‌റു (അവിശ്വാസവു)മാണ്. അറുത്തവന്‍ മുമ്പ് മുസ്‌ലിമായിരുന്നാല്‍ അവനിപ്പോള്‍ മതഭ്രഷ്ടനാകുകയും ചെയ്തു ( من شرح مسلم ). 

അപ്പോള്‍, അറുക്കുമ്പോള്‍ അല്ലാഹുവിന്റെ പേര് പറഞ്ഞു അറുത്താല്‍ തന്നെയും അല്ലാഹു അല്ലാത്ത ഏതെങ്കിലും ആളുടേയോ വസ്തുവിന്‍റെയോ ബഹുമാനാര്‍ത്ഥം അറുക്കുന്നതും നിഷിദ്ധമാണെന്ന് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. 

© അമാനി മൗലവി
📖വിശുദ്ധ ഖുർആൻ വിവരണം