വിശാലമാകട്ടെ മനസ്സുകള്‍

പ്രസിദ്ധ ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന്റെ അടുത്ത് രണ്ടു യുവാക്കള്‍ വന്നു. ‘ഗുരോ, ഞങ്ങള്‍ക്ക് ഒരു അപേക്ഷയുണ്ട്. അങ്ങയുടെ ശിഷ്യന്മാരായി ഞങ്ങളെ സ്വീകരിക്കണം.’ സോക്രട്ടീസ് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ എന്നോടൊപ്പം ആ കുളക്കരയിലേക്ക് വരൂ.’ അവര്‍ കുളക്കരയിലെത്തി. സോക്രട്ടീസ് പറഞ്ഞു. ‘തെളിഞ്ഞ് ശാന്തമായി കിടക്കുന്ന ഈ വെള്ളത്തിലേക്ക് നോക്കൂ.’ രണ്ടു പേരും കുളത്തിലെ വെള്ളത്തിലേക്ക് നോക്കിനിന്നു. ‘നിങ്ങള്‍ എന്താണ് കാണുന്നത്?’ ഗുരുവിന്റെ ചോദ്യത്തിന് രണ്ടുപേരും ഒരേ ഉത്തരം നല്‍കി. ‘ഞാന്‍ എന്റെ പ്രതിബിംബം കണ്ടു.’ സോക്രട്ടീസ് തെല്ലിട നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു. ‘നിങ്ങള്‍ പോയിട്ട്, കുറച്ചു ദിവസം കഴിഞ്ഞു വരൂ. അപ്പോഴേക്കും നിങ്ങളുടെ മനസ്സ് ഒന്നുകൂടി വിശാലപ്പെടും. അന്ന് ഞാന്‍ നിങ്ങളെ എന്റെ ശിഷ്യന്‍മാരാക്കാം.’

യുവാക്കള്‍ സംശയത്തോടെ ചോദിച്ചു. ‘ഗുരോ, അങ്ങയുടെ ശിഷ്യന്മാരാകുന്നതിന് തടസ്സമായി എന്ത് അയോഗ്യതയാണ് ഞങ്ങള്‍ക്കുള്ളത്?’ ഗുരു വിശദീകരിച്ചു. ‘നിങ്ങള്‍ കുളത്തില്‍ നിങ്ങളുടെ പ്രതിബിംബം മാത്രമല്ലേ കണ്ടുള്ളൂ.  അതില്‍ മരങ്ങളുടെയും സൂര്യന്റെയും പ്രതിബിംബങ്ങളുണ്ടായിരുന്നു. കുളത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങളും ജലസസ്യങ്ങളും ഉണ്ടായിരുന്നു. ഇവയൊന്നും കാണാതെ നിങ്ങള്‍ സ്വന്തം പ്രതിബിംബം മാത്രം ശ്രദ്ധിച്ചു. കാരണം സ്വാര്‍ഥരായ മനുഷ്യര്‍ അങ്ങനെയാണ്. അവര്‍ മറ്റുള്ളവരെയല്ല, എപ്പോഴും സ്വന്തം കാര്യങ്ങള്‍ മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. സ്വാര്‍ഥികളെ ഞാന്‍ ശിഷ്യന്മാരാക്കാറില്ല’- എന്ന് പറഞ്ഞുകൊണ്ട് സോക്രട്ടീസ് അവരെ മടക്കിയയച്ചു.

സ്വന്തം എന്ന വികാരത്തിനപ്പുറം മറ്റുള്ളവരിലേക്ക് കൂടി നമ്മുടെ ചിന്തയെ വികസിപ്പിക്കാന്‍ കഴിയുമ്പോഴാണ് മനസ്സ് വിശാലപ്പെടുന്നത്. സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍ മനസ്സ് സങ്കുചിതമായിത്തീരുകയാണ് ചെയ്യുന്നത്. ഓരോരുത്തര്‍ക്കും അവനവന്റെ കാര്യങ്ങള്‍ തന്നെയാണ് പ്രധാനം. പക്ഷേ, അതിനിടയിലും മറ്റുള്ളവരെ കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള കാതും നമുക്കുണ്ടാവുമ്പോഴാണ് സുമനസ്സുകളായി നാം മാറുന്നത്. സ്വാര്‍ഥതയുടെ ചുരുങ്ങിയ വൃത്തത്തില്‍ കുരുങ്ങിക്കിടക്കുന്നവരുടെ മനസ്സ് ഇരുള്‍ മൂടിയതാണ്. ചുറ്റുമുള്ളവരിലേക്ക് നോക്കാന്‍ കഴിയുമ്പോള്‍ മനസ്സ് വിശാലപ്പെടുന്നു. അറിവും അലിവും മനസ്സിന്റെ വിശാലതയുടെ അടയാളമാണ്. അത് ജീവിതത്തിന്റെ വെളിച്ചവും തെളിമയുമാണ്. തനിക്ക് ചുറ്റും ജീവിക്കുന്നവരിലേക്ക് കൂടി നന്മ വ്യാപിക്കണമെന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യന്‍ മാത്രമല്ല സസ്യങ്ങളും ജന്തുജീവജാലങ്ങളും ഈ പ്രകൃതി മുഴുവന്‍ അപ്പോള്‍ നമ്മുടെ ബന്ധുക്കളായി മാറും.

പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസ്(റ)ന്റെ ഈ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം : "ലോകത്തെവിടെയെങ്കിലും മഴ പെയ്‌തെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അവിടെയാകട്ടെ ആ വെള്ളം കുടിക്കാന്‍ എന്റെ ആടോ ഒട്ടകമോ ഇല്ല."

✍ സി കെ റജീഷ്
📖 Shabab Weekly