മറയുന്ന നന്മകളും തെളിയുന്ന തിന്മകളും


*മഅ്‌റൂഫ്* കല്പിക്കുകയും *മുന്‍കര്‍* വിലക്കുകയും ചെയ്യണമെന്നത് വിശുദ്ധഖുര്‍ആനിലെ സുപ്രധാന അനുശാസനകളിലൊന്നാകുന്നു. *”നന്മയിലേക്ക് ക്ഷണിക്കുകയും മഅ്‌റൂഫ് കല്പിക്കുകയും മുന്‍കര്‍ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍”* (വി.ഖു. 3:104). *”മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമൂഹമാകുന്നു നിങ്ങള്‍. നിങ്ങള്‍ മഅ്‌റൂഫ് കല്പിക്കുകയും മുന്‍കര്‍ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.”* (വി.ഖു. 3:110).
പൂര്‍വവേദങ്ങളിലൂടെയും ഈ കാര്യം അനുശാസിക്കപ്പെട്ടിട്ടുണ്ട്. പൂര്‍വവേദക്കാരിലെ യഥാര്‍ഥ വിശ്വാസികളെ സംബന്ധിച്ച് വിശുദ്ധഖുര്‍ആനില്‍ പറയുന്നതു നോക്കുക: *”അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും മഅ്‌റൂഫ് കല്പിക്കുകയും മുന്‍കര്‍ വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു.”* (വി.ഖു. 3:114)

അറിയപ്പെട്ടത്, പരിചിതമായത്, അംഗീകരിക്കപ്പെട്ടത് എന്നൊക്കെയാണ് മഅ്‌റൂഫ് എന്ന പദത്തിന്റെ അര്‍ഥം. മനുഷ്യന്റെ മൗലികഗുണങ്ങളില്‍ അതിപ്രധാനമായിട്ടുള്ളത് തിരിച്ചറിവാണല്ലോ. ശുദ്ധപ്രകൃതിക്ക് കളങ്കംവരുത്തിയിട്ടില്ലാത്ത മനുഷ്യര്‍ക്കെല്ലാം സത്യവും ശരിയും ന്യായവും ആയിട്ടുള്ളത് ഏതെന്നും അങ്ങനെയല്ലാത്തത് ഏതെന്നും തിരിച്ചറിയാന്‍ എക്കാലത്തും സാധിക്കും. ഇങ്ങനെ തിരിച്ചറിഞ്ഞ കാര്യങ്ങളാണ് നല്ല മനുഷ്യര്‍ അംഗീകരിക്കുന്നത്. എന്നാല്‍ ശുദ്ധപ്രകൃതിക്ക് കളങ്കമേല്ക്കുകയും സത്യത്തിനും ന്യായത്തിനും വിരുദ്ധമായ പ്രവണതകള്‍ക്ക് മനസ്സ് വശംവദമാവുകയും ചെയ്യുമ്പോള്‍ തിരിച്ചറിവിന് മങ്ങലേല്ക്കാന്‍ തുടങ്ങും. അപ്പോഴാണ് *മഅ്‌റൂഫ് അഥവാ അംഗീകൃതവും ന്യായവുമായ ജീവിതരീതി* സ്വീകരിക്കണമെന്ന് കല്പിക്കുകയും അതിനു വിപരീതമായ *മുന്‍കര്‍ (അംഗീകരിക്കാനാകാത്തത്/നിഷിദ്ധം)* വിലക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീരുന്നത്. 

പ്രവാചകനിയോഗത്തിന്റെ സുപ്രധാനലക്ഷ്യങ്ങളിലൊന്നാണത്രെ അത്യാവശ്യമായ ഈ ദൗത്യത്തിന്റെ നിര്‍വഹണം. ഉത്തമസ്വഭാവങ്ങളും സല്‍പ്രവര്‍ത്തനങ്ങളും തിരിച്ചറിയാനും അംഗീകരിക്കാനും സുമനസ്സുകള്‍ക്ക് എപ്പോഴും സാധിക്കുമെങ്കിലും തിന്മയുടെ പ്രലോഭനങ്ങളെ അതിവര്‍ത്തിച്ച് നന്മയോട് നിതാന്ത പ്രതിബദ്ധത പുലര്‍ത്താന്‍ പലര്‍ക്കും പലപ്പോഴും കഴിഞ്ഞില്ലെന്ന് വരാം. ഈ ദൗര്‍ബല്യം ഒട്ടൊക്കെ മനുഷ്യസഹജമാണ്. മനസ്സിലും ആത്മാവിലും സത്യത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുന്നവര്‍ക്ക് ഈ ദൗര്‍ബല്യത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ കഴിയും. സ്വന്തം മനസ്സാക്ഷിയെയും സമൂഹമനസ്സാക്ഷിയെയും അവര്‍ക്ക് തട്ടിയുണര്‍ത്താന്‍ സാധിക്കും. ഈ വിധത്തില്‍ മനസ്സാക്ഷിയെ പ്രബലീകരിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടന്നില്ലെങ്കില്‍ സമൂഹം സാവധാനത്തില്‍ ജീര്‍ണവും അധസ്ഥിതവുമാകും. ഒരു സമൂഹം ശാപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും മുക്തമാകണമെങ്കില്‍ ദുരാചാരങ്ങളിലും ദുര്‍വൃത്തികളിലും ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് തടയേണ്ടത് അനുപേക്ഷ്യമാണെന്നത്രെ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. 

ഈ വിഷയത്തില്‍ ഓരോരുത്തരും അവനവന്റെ കടമ പരമാവധി നിറവേേറ്റണ്ടത് എങ്ങനെയെന്ന് പ്രസിദ്ധമായ ഒരു നബിവചനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. *”നിങ്ങളാരെങ്കിലും ഒരു മുന്‍കര്‍ കണ്ടാല്‍ തന്റെ കൈകൊണ്ട് അതിന് മാറ്റം വരുത്തേണ്ടതാണ്. അതിന് സാധ്യമല്ലെങ്കില്‍ തന്റെ നാവുകൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ തന്റെ മനസ്സുകൊണ്ട്. അതത്രെ വിശ്വാസത്തിന്റെ ഏറ്റവും ബലഹീനമായ അവസ്ഥ.”* ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ ബലം പ്രയോഗിച്ചു പിന്തിരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം. അത് അന്യായമായ ബലപ്രയോഗമല്ല. ദുഷ്പ്രവൃത്തികള്‍ തുടരുന്നത് നിമിത്തം നേരിടാവുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്നും ദൈവിക ശിക്ഷയില്‍ നിന്നും മനുഷ്യരെ രക്ഷിക്കുന്ന സേവനമാണത്. ഇതൊരു സേവനമാണെന്ന് സൗമ്യമായി അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കാവുന്നതാണ്. പക്ഷേ, തിന്മയുടെ പ്രലോഭനങ്ങള്‍ക്ക് വശംവദരായവര്‍ക്ക് പെട്ടെന്ന് അത് ബോധ്യപ്പെട്ടില്ലെന്ന് വരാം. ദുഷ്പ്രവൃത്തികളെ കൈ കൊണ്ട് തടയുന്നതില്‍ പരാജയപ്പെട്ടവരും അങ്ങനെ തടയാന്‍ സാധിക്കില്ലെന്ന് കരുതുന്നവരും ഉപദേശത്തിലൂടെ ദുഷ്‌കര്‍മകാരികളെ മാറ്റിയെടുക്കാന്‍ ശ്രമിക്കണം. ചിലരെ ഒരു തവണ ഉപദേശിച്ചാല്‍ തന്നെ ഫലമുണ്ടാകും. ചിലരെ വീണ്ടും ഉണര്‍ത്തേണ്ടിവരാം. വാക്കുകൊണ്ടും മുന്‍കറിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന് തോന്നുന്നവരുടെ ബാധ്യതയാണ് മനസ്സുകൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുക എന്നത്. അതായത് ദുര്‍വൃത്തികളില്‍ നിന്ന് പിന്മാറാന്‍ തയ്യാറില്ലാത്തവരുമായി സൗഹൃദവും സഹകരണവും വേണ്ടെന്ന് നല്ല മനുഷ്യരെല്ലാം തീരുമാനിച്ചാല്‍ സാവധാനത്തിലെങ്കിലും ഫലമുണ്ടായേക്കും. ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ബലഹീനമായ വിശ്വാസമെങ്കിലും ഉണ്ടെങ്കില്‍ ദുര്‍വൃത്തികള്‍ക്ക് മനസ്സുകൊണ്ട് മാറ്റം വരുത്താനെങ്കിലും ശ്രമിക്കണമെന്ന് കല്പിക്കുന്ന പ്രവാചകതിരുമേനി അതിലൂടെ സൂചിപ്പിക്കുന്നത്, ആരെന്ത് തോന്ന്യാസം ചെയ്താലും നാമത് ശ്രദ്ധിക്കേണ്ടതില്ല എന്ന നിസ്സംഗത നിലപാടുകാരെ വിശ്വാസികളായിത്തന്നെ ഗണിക്കാന്‍ പറ്റുകയില്ല എന്നാകുന്നു.

മുന്‍കറിനെതിരില്‍ കൈ കൊണ്ടോ നാവു കൊണ്ടോ മനസ്സുകൊണ്ടോ പ്രതിരോധമേര്‍പ്പെടുത്തണമെന്ന പ്രവാചകാധ്യാപനത്തെ നമ്മുടെ സമൂഹം ഇപ്പോള്‍ ഒട്ടൊക്കെ അവഗണിച്ചിരിക്കുകയാണ്. ആരാധനകളിലും അനുഷ്ഠാനങ്ങളിലും നിഷ്ഠ പുലര്‍ത്തുന്ന ചിലര്‍ പോലും ഈ ബാധ്യതാനിര്‍വഹണത്തില്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതിന്റെ സ്വാഭാവിക ഫലമാണ് നമ്മുടെ സമൂഹത്തിന്റെ എല്ലാ നന്മകളെയും നിഷ്പ്രഭയാക്കിക്കൊണ്ട് കുറ്റകൃത്യങ്ങളും അസാന്മാര്‍ഗിക നടപടികളും പെരുകിക്കൊണ്ടിരിക്കുന്നത്. ആവേശപൂര്‍വം പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഒട്ടേറെ മതസംഘടനകള്‍ രംഗത്തുണ്ടായിട്ടും ഈ ദുരവസ്ഥ തുടരുന്നതിന്റെ കാരണം തിന്മയുടെ വ്യാപനം തടയുന്നതില്‍ അവയൊക്കെ ഒരളവോളം ഉദാസീനത കാണിക്കുന്നുവെന്നത് തന്നെയാണ്.

© SHABAB WEEKLY