സുന്നത്ത് നോമ്പുകൾ


റമദാനിലെ നിർബന്ധനോമ്പുകൾക്ക് പുറമെ പുണ്യദായകമായ ഐശ്ചിക നോമ്പുകളുമുണ്ട്.ഇവയാണ് സുന്നത്ത് നോമ്പുകൾ എന്ന് പറയുന്നത്.
നബിചര്യയിൽ സ്ഥിരപ്പെട്ട് വന്ന ഇത്തരം സുന്നത്തു നോമ്പുകളെ മൂന്ന് വിഭാഗമായി തിരിക്കാം. അവയാണ് താഴെ:

👉1-വാരാനുബന്ധ നോമ്പുകൾ :

എല്ലാ ആഴ്ചയിലെയും തിങ്കൾ ,വ്യാഴം എന്നീ ദിവസങ്ങളിൽ സുന്നത്തായി നിശ്ചയിക്കപ്പെട്ട നോമ്പാണ് വാരാനുബന്ധ നോമ്പുകൾ എന്നത് കൊണ്ടുദ്ദേശിക്കുന്നത്.ഈ രണ്ടു ദിവസങ്ങളിൽ നോമ്പു നോൽക്കാൻ നബി(സ) പ്രത്യേകം താൽപര്യം കാണിച്ചിരുന്നതായി ആയിശ(റ) നിവേദനം ചെയ്ത ഒരു ഹദീസിലും മറ്റു ചില ഹദീസുകളിലും സ്ഥിരപ്പെട്ടു വന്നിട്ടുമുണ്ട്.

👉2- മാസാനുബന്ധ നോമ്പുകൾ :

എല്ലാ അറബി മാസവും 13, 14, 15 തിയതികളിൽ നോൽക്കാൻ നിർദേശിക്കപ്പെട്ട നോമ്പാണ് മാസാനുബന്ധ നോമ്പുകളിൽ ഉൾപ്പെടുന്ന നോമ്പുകൾ. ഇതിനെ അയ്യാമുൽ ബീള് നോമ്പുകൾ എന്നാണറിയപ്പെടുന്നത്. റമദാനിലും ദുൽഹിജ്ജയിലുമൊഴി കെ ശവ്വാൽ മുതൽ ശഅബാൻ വരെയുള്ള 10 മാസങ്ങളിലും ഈ മൂന്ന് ദിവസം (13, 14, 15) നോമ്പു നോൽക്കൽ സുന്നത്താണ്. ദുൽഹിജ്ജയിൽ ഈ നോമ്പ് 14, 15 എന്നീ രണ്ട് ദിവസങ്ങളിൽ മാത്രവും റമദാനിൽ ഈ ദിവസങ്ങൾ ഫർദു നോമ്പായും നോൽക്കേണ്ടതാണ്.

👉3- വർഷാനുബന്ധ നോമ്പുകൾ :

എല്ലാവർഷവും മൂന്ന് സമയത്തുള്ള പ്രത്യേക സുന്നത്തു നോമ്പുകളാണിതുകൊണ്ടുദ്ദേശിക്കുന്നത്. 

അറഫാനോമ്പ് (ഹാജിമാർ അറഫയിൽ നിൽക്കുന്ന ദുൽഹജ് 9 ന് ഹാജിമാരല്ലാത്തവർ നോൽക്കേണ്ട നോമ്പാണിത്).

ആശൂറാ നോമ്പ് (മുഹർറം 10 ന് നോൽക്കേണ്ട പ്രധാന സുന്നത്തു നോമ്പാണിത്).

താസൂആ നോമ്പ് (മുഹറം 9ന് നോൽക്കേണ്ട സുന്നത്ത് നോമ്പ്).

ശവ്വാൽ നോമ്പ് ( ശവ്വാൽ 2 മുതൽ 7വരെയോ അതിന് സൗകര്യമില്ലാത്തവർ ശവ്വാലിലെ മറ്റു ദിവസങ്ങളിലോ നോൽക്കാൻ നിർദേശിക്കപ്പെട്ട 6 സുന്നത്ത് നോമ്പാണ് ഇത്).

☝ ഇത്രയും നോമ്പുകളാണ് സുന്നത്തു നോമ്പുകളായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്.ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോഴെങ്കിലും ഇത്തരം സുന്നത്ത് നോമ്പിന്റെ ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ നോമ്പെടുത്ത് പുണ്യം നേടാൻ കഴിയുന്ന സുവർണാവസരമാണല്ലോ. പലരും ലോക് ഡൗൺ കാലത്ത് തിങ്കൾ, വ്യാഴം ദിവസങ്ങളിലെ സുന്നത്തു നോമ്പുകൾ, മാസത്തിലെ 13, 14, 15 തിയതികളിലെ അയ്യാമുൽ ബീള് നോമ്പുകൾ എന്നിവ നോൽക്കുന്നുണ്ട് എന്നതും ശ്രദ്ധേയമത്രെ.
എന്നാൽ ശഅബാൻ 15 ന് മാത്രമായി എന്തെങ്കിലും ഒരു സുന്നത്ത് നോമ്പ് സ്വഹീയായ ഹദീസുകളിൽ വന്നിട്ടില്ല എന്ന് പ്രാമാണികരായ ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കിയ കാര്യവും ഇതിനോട് ചേർത്ത് വായിക്കുക.

✍️ശംസുദ്ദീൻ പാലക്കോട്
© ചിന്താ പ്രഭാതം 762