പരിധി ലംഘിച്ചാൽഅപ്പോൾ വല്ലവനും പരിധി ലംഘിച്ചു. അവൻ ഐഹിക ജീവിതത്തിന്ന് പ്രാധാന്യം കൊടുക്കുകയും ചെയ്തു. എങ്കിൽ തീർച്ചയായും നരകമാണ് അവന്റെ അഭയകേന്ദ്രം. (79 : 37 - 39)


🔗വിശദീകരണം👇

മഹത്തായ തത്വങ്ങളിലേക്ക്‌ മേൽ ആയത്തുകൾ വെളിച്ചം വീശുന്നു.

1. മനുഷ്യന്റെ അറിവിനും കഴിവുകൾക്കും പരിധികളും പരിമിതികളുമുണ്ട്‌. അത്‌ മനസ്സിലാക്കാതെ അല്ലാഹുവിനേയും പരലോകത്തേയും തന്റെ കണ്ണുകൾ കൊണ്ട്‌ തന്നെ കാണണമെന്നും തന്റെ ലബോറട്ടറിയിലെ പരീക്ഷണത്തിലൂടെ തെളിയണമെന്നെല്ലാം വാശി പിടിക്കുന്ന മനുഷ്യർ അവസാനം ചെന്നു വീഴുക ഈ നരകത്തിലാണ്. മനുഷ്യനെ നരകത്തിൽ പതിപ്പിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് മേൽ സൂക്തത്തിൽ വിവരിച്ചതാണ്. അതായത്‌, മനുഷ്യന്റെ കഴിവിന്റെ പരിധികൾ മനസ്സിലാക്കാതെ പ്രശ്നങ്ങളെ സമീപിക്കൽ.

2. രണ്ടാമതായി മനുഷ്യരെ നരകത്തിൽ ചാടിക്കുന്നത്‌ ഭൗതിക ജീവിതത്തിനു അവൻ അമിത പ്രാധാന്യം കൽപ്പിക്കലും ജീവിത ലക്ഷ്യവുമായി ഈ ലോകത്തെ ദർശ്ശിക്കലുമാണ്. സത്യം ബോധ്യമായാലും ഭൗതിക ലാഭങ്ങൾക്ക്‌ വേണ്ടി മനുഷ്യർ അതിന്റെ നേരെ മുഖം തിരിക്കുന്നത്‌ കാണാം.

3. അല്ലാഹുവിന്റെ വിധിയോ തലയിലെഴുത്തോ അല്ല മനുഷ്യരെ നരകത്തിൽ ചാടിക്കുന്നത്‌. അപ്രകാരമായിരുന്നെങ്കിൽ മേൽ സൂക്തങ്ങൾ അടിസ്ഥാനരഹിതമായിരിക്കും. അല്ലാഹു മനുഷ്യരെ അടിസ്ഥാന രഹിതമായ നിലക്ക്‌ വിമർശ്ശിക്കലാവും.

4. സത്യം ലഭിച്ചശേഷം അതിനെ നിഷേധിക്കുന്നവരാണ് നരകത്തിൽ പതിക്കുക. നിഷേധത്തിന്ന് മനുഷ്യരെ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട രണ്ട്‌ കാരണങ്ങളാണ് അല്ലാഹു മേൽ സൂക്തങ്ങളിൽ വിവരിക്കുന്നത്‌.

✍️അബ്ദുസ്സലാം സുല്ലമി
📖ഖുർആനിന്റെ വെളിച്ചം